ബ്രസീലിയ: പൊലീസിന്‍റെ വംശീയ അതിക്രമങ്ങൾക്കെതിരെ ബ്രസീലിൽ പ്രതിഷേധം. വംശീയതയ്‌ക്കും കൊലപാതകങ്ങൾക്കും എതിരെ റിയോ ഡി ജനീറോയിൽ വെള്ളിയാഴ്‌ച നടത്തിയ പ്രതിഷേധത്തിൽ 200 ഓളം പേർ പങ്കെടുത്തു. പ്രതിഷേധക്കാരിൽ ഭൂരിഭാഗവും കറുത്ത വിഭാഗത്തിൽ പെട്ട വിദ്യാർഥികളായിരുന്നു. ബാനറുകളുമായി സിറ്റി ഹാളിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികൾ ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോക്കും പൊലീസിനുമെതിരെ മുദ്രാവാക്യം മുഴക്കി.
പൊലീസിന്‍റെ വംശീയ അതിക്രമങ്ങൾ; ബ്രസീലിൽ വിദ്യാർഥി പ്രതിഷേധം
അമേരിക്കയിലെ ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണത്തിലും ബ്രസീലിൽ നടക്കുന്ന വംശീയതയ്‌ക്കും കൊലപാതകങ്ങൾക്കും എതിരെയാണ് റിയോ ഡി ജനീറോയിൽ പ്രതിഷേധം നടന്നത്. പ്രതിഷേധത്തിൽ 200 ഓളം വിദ്യാർഥികൾ പങ്കെടുത്തു.
അമേരിക്കയിലെ ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണത്തിൽ മാത്രമല്ല, മറിച്ച് റിയോ ഡി ജനീറോയിൽ നൂറുകണക്കിന് കറുത്തവർഗക്കാരെ കൊന്നതിനുമാണ് പ്രതിഷേധം നടന്നത്. ജോവോ പെഡ്രോ പിന്‍റോ എന്ന പതിനാലുകാരന്‍റെ കൊലപാതകമാണ് ബ്രസീലിനെ ഞെട്ടിച്ച ഏറ്റവും പുതിയ സംഭവം. മയക്കുമരുന്ന് കടത്തുകാരെ പിന്തുടർന്ന് എത്തിയ പൊലീസ് വീടിനുള്ളിൽ ഉണ്ടായിരുന്ന കുട്ടിക്ക് നേരെ വെടിയുതിർത്തു. പിന്നീട് കാണാതായ കുട്ടിയുടെ മൃതദേഹം ഒരു ദിവസത്തിന് ശേഷം ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് തിരികെ ലഭിച്ചത്. കുട്ടിയുടെ മരണത്തിൽ പൊലീസുകാരുടെ പങ്ക് തെളിയിക്കുന്നതിനായി ഫെഡറൽ പ്രോസിക്യൂട്ടർമാർ അന്വേഷണം ആരംഭിച്ചു.