വാഷിങ്ടണ്‍: യുക്രൈനിലെ അധിനിവേശത്തിലൂടെ റഷ്യ ലക്ഷ്യം വച്ചതൊന്നും നടന്നില്ലെന്ന് യുഎസ് ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് ജേക്ക് സള്ളിവന്‍. യുക്രൈനെ കീഴ്‌പ്പെടുത്തുക, റഷ്യന്‍ സേനയുടെ ശക്തി വര്‍ധിപ്പിക്കുക, പടിഞ്ഞാറന്‍ രാജ്യങ്ങളെ ഭിന്നിപ്പിച്ച് ദുർബലപ്പെടുത്തുക എന്നീ മൂന്ന് കാര്യങ്ങളായിരുന്നു റഷ്യ ലക്ഷ്യം വച്ചിരുന്നത്. എന്നാല്‍ ഇവ മൂന്നും നടപ്പാക്കുന്നതില്‍ റഷ്യ പരാജയപ്പെട്ടു. കൂടാതെ ഇതിന് നേരെ വിപരീതമായാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും സള്ളിവന്‍ പറഞ്ഞു.
റഷ്യന്‍ ആക്രമണത്തിനെതിരെ യുക്രൈന്‍ ജനത ധീരമായി പൊരുതി. അവര്‍ അവരുടെ നഗരങ്ങളെയും വീടുകളും സംരക്ഷിക്കുകയാണ്.യുക്രൈനിലെ പ്രദേശങ്ങള്‍ റഷ്യന്‍ സേനയ്‌ക്ക് പിടിച്ചെടുക്കാന്‍ സാധിച്ചെങ്കിലും അത് യുക്രൈന്‍ ജനതയുടെ മനോവീര്യം കെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'അന്താരാഷ്ട്ര സമൂഹത്തില്‍ റഷ്യ ഒരു പരിഹസമാണ്'
റഷ്യയുടെ ശക്തി ചോര്‍ന്നുകൊണ്ടിരിക്കുകയാണ്. റഷ്യന്‍ സൈന്യം നാടകീയമായാണ് പ്രവര്‍ത്തിക്കുന്നത്. ശക്തമായ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചതോടെ റഷ്യയുടെ സമ്പദ്‌വ്യവസ്ഥയും താറുമാറായി. അന്താരാഷ്ട്ര സമൂഹത്തില്‍ റഷ്യ ഒരു പരിഹാസമാണെന്നും സള്ളിവന്‍ കൂട്ടിച്ചേര്‍ത്തു. യുക്രൈന്‍-റഷ്യ വിഷയത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കൂടുതല്‍ ഐക്യത്തോടെയും ദൃഢനിശ്ചയത്തോടെയും ലക്ഷ്യബോധത്തോടെയുമാണ് മുന്നോട്ട് നീങ്ങുന്നത്.
യുക്രൈന് മേല്‍ റഷ്യന്‍ ആക്രമണമുണ്ടാകുമെന്ന് നവംബറില്‍ യുഎസ് മുന്നറിയിപ്പ് നല്‍കിയത് മുതല്‍ റഷ്യയെ ചെറുക്കാന്‍ യുഎസ് മൂന്ന് സമാന്തര നയങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. ആയുധങ്ങളും സൈനിക ഉപകരണങ്ങളും നല്‍കി യുക്രൈനെ സ്വയം പ്രതിരോധിക്കാന്‍ സഹായിക്കുക, യൂറോപ്യന്‍ രാജ്യങ്ങളെയും ഇന്തോ-പസഫിക് രാജ്യങ്ങളെയും മറ്റ് സഖ്യകക്ഷികളെയും ഏകോപിപ്പിച്ച് റഷ്യയ്‌ക്ക് മേലുള്ള ഉപരോധം കടുപ്പിക്കുക, കിഴക്കന്‍ ഭാഗത്തുള്ള സേനനില വര്‍ധിപ്പിച്ച് നാറ്റോയെയും പാശ്ചാത്യ രാജ്യങ്ങളെയും ശക്തിപ്പെടുത്തുക എന്നിങ്ങനെയായിരുന്നു നയങ്ങള്‍.
യുക്രൈനിലെ റഷ്യന്‍ അധിതിനിവേശത്തിന് ശേഷം യുഎസും അതിന്‍റെ സഖ്യകക്ഷികളും റഷ്യയ്‌ക്ക് മേല്‍ ഉപരോധം പ്രഖ്യാപിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദ്‌മിര്‍ പുടിനും അദ്ദേഹത്തിന്‍റെ അടുത്ത വൃത്തത്തിലെ ഉന്നതര്‍ക്കുമെതിരെ സാമ്പത്തിക ഉപരോധങ്ങളും യുഎസ് ചുമത്തി. യുക്രൈന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് മൂന്നര ലക്ഷത്തോളം പേരാണ് ഇതുവരെ രാജ്യം വിട്ടത്. ഫെബ്രുവരി 24നാണ് റഷ്യന്‍ സേന യുക്രൈനെ ആക്രമിക്കുന്നത്.
Also Read:റഷ്യൻ സൈബർ ആക്രമണത്തിന് സാധ്യത; യുഎസ് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി ബൈഡൻ