വാഷിംങ്ടൺ: യുഎസ് വിസക്ക് അപേക്ഷിക്കുന്നവര്‍ ഇനി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങളും സമര്‍പ്പിക്കണമെന്ന് പുതിയ നിയമം. സാമൂഹിക മാധ്യമങ്ങളിലെ പേരുകൾ, അഞ്ചുവർഷത്തിനിടെ ഉപയോഗിച്ച പേരുകൾ, ഫോൺ നമ്പർ തുടങ്ങിയവ സമർപ്പിക്കണം എന്നാണ് വ്യവസ്ഥ. ജോലി, പഠന ആവശ്യങ്ങൾക്കായി അമേരിക്കയിലേക്ക് പോകുന്നവർ ഈ വിവരങ്ങൾ കൈമാറേണ്ടി വരും. നയതന്ത്ര ഉദ്യോഗസ്ഥർക്കും ഔദ്യോഗിക വിസ അപേക്ഷകർക്കും നടപടികളില്‍ ഇളവ് ലഭിച്ചേക്കും. വർഷം തോറും 14.7 മില്ല്യൺ ആളുകളെയാണ് പുതിയ നിയമം ബാധിക്കുന്നത്.
അമേരിക്കൻ വിസ ലഭിക്കാൻ സോഷ്യല്‍ മീഡിയ അക്കൗണ്ടും നല്‍കണം - visa
വർഷം തോറും 14.7 മില്ല്യൺ ആളുകളെയാണ് പുതിയ നിയമം ബാധിക്കുന്നത്.
പൗരൻമാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി മുൻകരുതല്‍ നടപടികൾ എടുക്കേണ്ടി വരുമെന്നാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ പ്രതികരണം. തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യമുള്ള മേഖലകളിലുള്ളവർ അപേക്ഷിക്കുമ്പോൾ മാത്രമാണ് ഇതുവരെ അധിക വിവരങ്ങൾ തേടിയിരുന്നത്. എന്നാല്‍ ഇപ്പോൾ എല്ലാ മാധ്യമ പ്ളാറ്റ് ഫോമിലെയും വിവരങ്ങൾ നല്‍കണം. ഫേസ്ബുക്ക്, ഫ്ളിക്കർ, ഗൂഗിൾ പ്ളസ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യുട്യൂബ് തുടങ്ങി എല്ലാ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകൾക്കും പുതിയ നിയമം ബാധകമാണ്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് പുതിയ നിര്‍ദ്ദേശമെന്ന് അമേരിക്ക വിശദമാക്കി.
വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തുന്നർ യുഎസ് ഇമിഗ്രേഷൻ നിയമങ്ങൾ അനുസരിച്ചുള്ള ശിക്ഷാ നടപടികൾക്ക് വിധേയരാകേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിലെ നിരീക്ഷണം ഉപയോഗപ്രദമാകുമെന്ന് തെളിയിക്കപ്പെട്ടില്ലെന്ന് അമേരിക്ക മനുഷ്യാവകാശ സംഘടനയായ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ രംഗത്തെത്തി.