വാഷിങ്‌ടൺ: ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയെ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്. ഡൽഹി മുതൽ ലണ്ടൻ വരെ സുലൈമാനി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്‌തിരുന്നെന്നും യുദ്ധം നിർത്താൻ വേണ്ടിയാണ് സുലൈമാനിയെ വധിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കയും ഇറാനും സംയമനം പാലിക്കണമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
സുലൈമാനിയെ കൊലപ്പെടുത്തിയതിലൂടെ ഭീകരഭരണം അവസാനിച്ചു. യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്നായപ്പോഴാണ് കൊലപ്പെടുത്തിയത്. ഇറാൻ സർക്കാരിനെ അട്ടിമറിക്കാൻ യുഎസ് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സുലൈമാനിയെ വധിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപിന്‍റെ വെളിപ്പെടുത്തല്‍.
ഇറാഖില്‍ റോക്കറ്റ് ആക്രമണത്തില്‍ ഒരു യുഎസ് പൗരന്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാഗ്ദാദില്‍ ഞങ്ങളുടെ എംബസിക്ക് നേരേയും ആക്രമണമുണ്ടായി. ഇതെല്ലാം സുലൈമാനിയുടെ നിര്‍ദേശമനുസരിച്ചായിരുന്നെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ഇറാനില്‍ നിരവധി പ്രതിഷേധക്കാരെ ആക്രമിച്ചതും സുലൈമാനിയുടെ നേതൃത്വത്തിലായിരുന്നു. ആയിരത്തിലേറെ പേരെയാണ് ഇറാന്‍ സര്‍ക്കാര്‍ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതെന്നും യുഎസ് പ്രസിഡന്‍റ് ആരോപിച്ചു. അതിനാല്‍ തന്നെ സുലൈമാനിയുടെ ഭീകരഭരണം അവസാനിച്ചതില്‍ ആശ്വാസമാണെന്നും ട്രംപ് പറഞ്ഞു.
ലോകത്തിലെ നമ്പര്‍ വണ്‍ ഭീകരനെയാണ് തന്‍റെ നിര്‍ദേശമനുസരിച്ച് യുഎസ് സൈന്യം വധിച്ചത്. അമേരിക്കന്‍ നയതന്ത്ര, സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ അതിക്രൂരമായ ആക്രമണം നടത്താനായിരുന്നു സുലൈമാനി പദ്ധതിയിട്ടിരുന്നത്. പക്ഷേ, അദ്ദേഹത്തെ ഞങ്ങള്‍ പിടികൂടി ഇല്ലാതാക്കിയെന്നും ട്രംപ് വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും മികച്ച സൈന്യവും രഹസ്യാന്വേഷണ വിഭാഗവുമാണ് യുഎസിനുള്ളതെന്നും എവിടെയെങ്കിലും അമേരിക്കക്കാരന്‍ ഭീഷണി നേരിട്ടാല്‍ എന്ത് നടപടി സ്വീകരിക്കാനും താന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു.