വാഷിങ്ടണ്‍: ന്യൂയോർക്കിൽ വച്ച് നടക്കുന്ന യുഎന്‍ പൊതുസഭയുടെ 76-ാമത് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലോകനേതാക്കളെ അഭിസംബോധന ചെയ്യും. കൊവിഡ് മഹാമാരി, തീവ്രവാദം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ ആഗോള വെല്ലുവിളികള്‍ പ്രസംഗത്തില്‍ വിഷയമായേക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് പ്രധാനമന്ത്രി യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുക.
കൊവിഡും തീവ്രവാദവും പരാമര്‍ശിയ്ക്കും
അതിർത്തി കടന്നുള്ള തീവ്രവാദം, പ്രാദേശിക സാഹചര്യം, ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ പരിഷ്‌ക്കാരങ്ങൾ എന്നിവയുൾപ്പെടെ നിരവധി സുപ്രധാന വിഷയങ്ങളിൽ പ്രധാനമന്ത്രി സംസാരിയ്ക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല നേരത്തെ അറിയിച്ചിരുന്നു. സുരക്ഷ കൗണ്‍സിലിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തെക്കുറിച്ച് മോദി തന്‍റെ പ്രസംഗത്തിൽ ഊന്നല്‍ നൽകുമെന്നും ശ്രിംഗ്ല വ്യക്തമാക്കി.
കൊവിഡിന് ശേഷമുള്ള തന്‍റെ ആദ്യ വിദേശ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ബുധനാഴ്‌ച വാഷിങ്ടണിൽ എത്തിയ മോദി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ, വൈസ് പ്രസിഡന്‍റ് കമല ഹാരിസ് എന്നിവരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരെയും മോദി നേരില്‍ കണ്ടു. കഴിഞ്ഞ ദിവസം വാഷിങ്ടണില്‍ വച്ച് നടന്ന ആദ്യ ക്വാഡ് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.
Read more: മോദി- ബൈഡൻ കൂടിക്കാഴ്‌ച; ഇന്ത്യ- അമേരിക്ക ബന്ധം ആഗോള വെല്ലുവിളികൾക്ക് പരിഹാരമാകുമെന്ന് ജോ ബൈഡൻ