കേരളം

kerala

ETV Bharat / international

കിം - ട്രംപ് നിര്‍ണായക കൂടിക്കാഴ്ച ഇന്ന് - ഡോണൾഡ് ട്രംപ്

ബുധനാഴ്ച ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിയറ്റ്നാമിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ആണവ നിരായുധീകരണം അടക്കമുള്ള വിഷയങ്ങളാണ് ഇന്നത്തെ കൂടിക്കാഴ്ചയിൽ ചർച്ചയാവുക.

ഫയൽ ചിത്രം

By

Published : Feb 28, 2019, 11:31 AM IST

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് വിയറ്റ്നാമിലെ ഹാനോയിൽ നടക്കും. കൂടിക്കാഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് ആണവ നിരായുധീകരണം അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും.

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഉത്തരകൊറിയൻ പ്രതിനിധി കിം യോങ് ചോയ് എന്നിവരും നേതാക്കൾക്കൊപ്പമുണ്ട്. ചർച്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളും ഇന്ന് സംയുക്തമായി കരാറിൽ ഒപ്പുവയ്ക്കാനും സാധ്യതയുണ്ട്. ഉത്തരകൊറിയയുമായുള്ള ഉപരോധം പൂര്‍ണമായി അവസാനിപ്പിക്കുന്ന തീരുമാനമാകുമെന്നാണ് നിരീക്ഷകർ കരുതുന്നത്.

സിംഗപ്പൂരിൽ വച്ച് നടന്ന രണ്ട് നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ച അവസാനിച്ചത് ആണവ നിരായുധീകരണ ധാരണയിലാണെങ്കിലും അതിൽ വ്യക്തതയുണ്ടായിരുന്നില്ല. ചില ആണവ പരീക്ഷണശാലകൾ നശിപ്പിക്കുക മാത്രമാണ് വടക്കൻ കൊറിയ ചെയ്തത്. ഈ നടപടിയിൽ വ്യാപക അതൃപ്തി നിലനിൽക്കുന്നുണ്ട്. ഇത്തവണ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

കൂടിക്കാഴ്ച നടക്കുന്നത് വിയറ്റ്നാമിലാണെന്നതിലും ചില സൂചനകളുണ്ട്. അമേരിക്കയുടെ ശത്രുവായിരുന്ന വിയറ്റ്നാം മിത്രമായ ശേഷം വൻ പുരോഗതിയാണ് കൈവരിച്ചത്. തന്‍റെ മുത്തച്ഛൻ പണ്ട് വന്നതുപോലെ സ്വന്തം ട്രെയിനിൽ 4000 ലധികം കിലോമീറ്റ‌ർ സഞ്ചരിച്ച് ചൈന കടന്നാണ് കിമ്മും വിയറ്റ്നാമിൽ എത്തിയിരിക്കുന്നത്.

ABOUT THE AUTHOR

...view details