വാഷിംഗ്ടൺ:ഹവായിയിൽ നിന്ന് ഡസൻ കണക്കിന് കണവ കുഞ്ഞുങ്ങളെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് നാസയുടെ വേറിട്ട പഠനം. ഹവായ് യൂണിവേഴ്സിറ്റിയിലെ കെവാലോ മറൈൻ ലബോറട്ടറിയിൽ വളർത്തിയെടുത്ത ഹവായിയൻ ബോബ്ടെയിൽ സ്ക്വിഡ് ഗണത്തിൽ പെട്ട കണവ കുഞ്ഞുങ്ങളെയാണ് നാസ പഠനത്തിനായി ബഹിരാകാശത്തേക്ക് അയച്ചത്.
നാസയുടെ വേറിട്ട പരീക്ഷണം
ഈ മാസം ആദ്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്പേസ് എക്സ് ദൗത്യത്തിൽ ആണ് ഇവയെ ബഹിരാകാശത്തേക്ക് എത്തിച്ചത്. ഹവായ് സർവകലാശാലയിലെ ഗവേഷകനായ ജാമി ഫോസ്റ്റർ ആണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. ബഹിരാകാശ ദൗത്യങ്ങളിൽ മനുഷ്യന്‍റെ ആരോഗ്യത്തെ ശക്തിപ്പെടുത്താൻ ഇവ സഹായിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഇതിന്‍റെ കൂടുതൽ പഠനങ്ങൾക്കായാണ് കണവ കുഞ്ഞുങ്ങളെ ബഹിരാകാശ നിലയത്തിലേക്ക് അയച്ചത്.
"കണവകൾക്ക് പ്രകൃതിദത്ത ബാക്ടീരിയകളുമായി ഒരു സഹജമായ ബന്ധമുണ്ട്. അത് അവയുടെ ബയോലുമിനെസെൻസ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ബഹിരാകാശയാത്രികർ കുറഞ്ഞ ഗുരുത്വാകർഷണത്തിലായിരിക്കുമ്പോൾ അവരുടെ ശരീരത്തിലെ സൂക്ഷ്മജീവികളുമായുള്ള ബന്ധം മാറും" ഹവായ് സർവകലാശാല പ്രൊഫസർ മാർഗരറ്റ് മക്ഫാൾ എൻഗായ് പറഞ്ഞു..
കണവയും ബഹിരാകാശ യാത്രികരും
"മനുഷ്യരുടെ സൂക്ഷ്മജീവികളുമായുള്ള സഹവർത്തിത്വം കുറഞ്ഞ ഗുരുത്വാകർഷണത്തിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് ബഹിരാകാശ യാത്രികരുടെ ആരോഗ്യത്തെ ബാധിക്കും. എന്നാൽ കണവകൾക്ക് ഇവ മറികടക്കാൻ ഉള്ള കഴിവുണ്ടെന്നാണ് പഠനങ്ങൾ. ഇതിൽ കൂടുതൽ പഠനങ്ങൾക്കായാണ് ഇത്തരമൊരു പരീക്ഷണം", ജാമി ഫോസ്റ്റർ പറയുന്നു.