വാഷിങ്‌ടൺ: ഭൂമിയിൽ നിന്ന് ഏകദേശം 379 പ്രകാശവർഷം അകലെ സൂര്യന്‍റെ അതേ പിണ്ഡവും വ്യാഴത്തിന് സമാനമായ വലിപ്പവുമുള്ള നക്ഷത്രത്തെ ചുറ്റുന്ന ഭീമാകാരമായ വാതക ഗ്രഹത്തെ കണ്ടെത്തി നാസയുടെ ശാസ്ത്രജ്ഞൻ. നാസയുടെ ട്രാൻസിറ്റിങ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റിൽ നിന്നുള്ള വിവരത്തിലാണ് TOI-2180 b എന്ന് വിളിക്കപ്പെടുന്ന എക്സോപ്ലാനറ്റ് കണ്ടെത്തിയത്. വ്യാഴത്തേക്കാൾ മൂന്നിരട്ടി ഭാരമുള്ളതാണ് പുതിയ ഗ്രഹം. സാന്ദ്രതയും വ്യാഴത്തേക്കാൾ കൂടുതലാണ്. വ്യാഴത്തിൽ നിന്ന് വ്യത്യസ്‌തമായ രീതിയിലാണോ പുതിയ ഗ്രഹം രൂപപ്പെട്ടത് എന്ന സംശയത്തിലാണ് ശാസ്‌ത്രജ്ഞർ.
ഏകദേശം 170 ഡിഗ്രി ഫാരൻഹീറ്റ് ശരാശരി താപനിലയുള്ള പുതിയ ഗ്രഹം TOI-2180 b ഭൂമിയിലെ താപനിലയേക്കാളും വ്യാഴവും ശനിയും ഉൾപ്പെടെയുള്ള സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളേക്കാളും ചൂട് കൂടിയതാണ്. എന്നാൽ ഭീമാകാരമായ മറ്റ് എക്‌സോപ്ലാനറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ TOI-2180 b അസാധാരണമാംവിധം തണുത്തതാണ്.