സ്വവര്‍ഗാനുരാഗിയായ മകനും പങ്കാളിക്കും വേണ്ടി കുഞ്ഞിനെ പ്രസവിച്ച് 61 കാരിയായ അമ്മ. അമേരിക്കയിലെ നെബ്രാസ്കയില്‍ താമസിക്കുന്ന മകന്‍ മാത്യൂ എലെഡ്ജിനും പങ്കാളി എലിയറ്റ് ഡൗവര്‍ട്ടിക്കും വേണ്ടിയാണ് 61 കാരിയായ സിസിലി എഡ്ജ് ഐവിഎഫ് സംവിധാനം വഴി കുഞ്ഞിന് ജന്മം നല്‍കിയത്. മുപ്പത്തിരണ്ടുകാരനായ മാത്യു എലെഡ്ജും ഇരുപത്തിയൊമ്പതുകാരനായ എലിയറ്റ് ഡൗവർട്ടിയും ഏറെ നാളായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഐവിഎഫ് വഴി ഒരു കുഞ്ഞ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ മാത്യുവിന്‍റെ അമ്മ തന്നെ മുൻകയ്യെടുക്കുകയായിരുന്നു.
സ്വവർഗാനുരാഗിയായ മകനും പങ്കാളിക്കും വേണ്ടി കുഞ്ഞിനെ പ്രസവിച്ച് 61 കാരിയായ അമ്മ - നെബ്രാസ്ക
ഐവിഎഫ് സംവിധാനം വഴിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 30 വർഷങ്ങൾക്ക് മുമ്പാണ് സിസിലി എലഡ്ജ് അവസാനമായി ഗർഭിണിയാകുന്നത്.
30 വർഷങ്ങൾക്ക് മുമ്പാണ് സിസിലി എലഡ്ജ് എന്ന 61 കാരി അവസാനമായി ഗർഭിണിയാകുന്നത്. 10 വർഷം മുമ്പ് ആർത്തവ വിരാമം നേരിട്ട സിസിലി ഏറെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് തന്‍റെ മകന്‍റെ കുഞ്ഞിന് ജന്മം കൊടുക്കുക എന്ന ആശയത്തെ സ്വീകരിച്ചത്. നെബ്രാസ്‌കയിലെ ഒമാഹയിലെ ഡോക്ടറോടാണ് കുടുംബം ഇത് സംബന്ധിച്ച ഉപദേശം തേടിയത്. പ്രായം അറുപത് കഴിഞ്ഞെങ്കിലും സങ്കീര്‍ണതകള്‍ ഒന്നുമില്ലാതെയാണ് സിസിലി കുഞ്ഞിന് ജന്മം നല്‍കിയത്.
സ്വന്തം മകന് കുഞ്ഞിനെ സമ്മാനിക്കാനാകുക എന്നതാണ് സിസിലിയെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത്. അമ്മയ്ക്ക് പരിചരണവുമായി മകൻ മാത്യുവും പങ്കാളി എലിയറ്റും ഒപ്പമുണ്ടായിരുന്നു. അമ്മയുടെ പ്രസവ സമയത്തും ഇരുവരും ഒപ്പമുണ്ടായിരുന്നു. സ്വവർഗാനുരാഗികൾ കുടുംബത്തിന് അപമാനമായി കരുതുന്ന സമൂഹത്തിന് മാതൃകയായി, സ്വന്തം മകനെയും അവന്‍റെ പങ്കാളിയെയും അംഗീകരിക്കുകയും അവർക്ക് ഒരു കുഞ്ഞിനെ സമ്മാനിച്ച് കുടുംബത്തോട് ചേർത്ത് നിർത്തുകയുമാണ് ഈ അമ്മ ചെയ്തത്.