വാഷിങ്‌ടൺ:കൊറോണ വൈറസിന്‍റെ ഉത്ഭവംചൈനയിലെ വുഹാൻ ലാബിൽ നിന്നാണെന്നാണ് അമേരിക്കയിലെ 60 ശതമാനം ആളുകളും വിശ്വസിക്കുന്നതെന്ന് മാധ്യമ സർവേ. സർവേയിൽ 31 ശതമാനം അമേരിക്കക്കാർ മാത്രമാണ് വൈറസ് മറ്റ് രീതിയിൽ പകരുന്നതെന്ന് വിശ്വസിക്കുന്നത്. ഫോക്‌സ് ന്യൂസ് ജൂൺ 19 മുതൽ ജൂൺ 22 വരെ 1,001 യുഎസ് പൗരൻമാരിൽ നടത്തിയ സർവ്വേകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
also read:ഫിലിപ്പീൻ മുൻ പ്രസിഡന്‍റ് ബെനിഗ്നോ അക്വിനോ മൂന്നാമൻ അന്തരിച്ചു
അതേസമയം ഈ വർഷം ഫെബ്രുവരിയിൽ ലോകാരോഗ്യ സംഘടന, വൈറസ് വുഹാനിലെ ലാബിൽ നിന്നുണ്ടായതെന്ന പ്രസ്‌താവന തള്ളിക്കളഞ്ഞിരുന്നു. ലാബിൽ നിന്നും വൈറസ് പകരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. വൈറസിന്‍റെ ഉത്ഭവം എങ്ങനെയെന്ന് കണ്ടെത്താൻ പ്രസിഡന്‍റ് ജോ ബൈഡൻ കഴിഞ്ഞമാസം രഹസ്യാന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകിയിരുന്നു.
അതേസമയം ഇക്കാര്യത്തിൽ യോജിച്ച നിഗമനത്തിലെത്താൻ ഏജൻസികൾക്കായിട്ടില്ല. മുൻപ് കൊറോണ വൈറസിന്‍റെ ഉത്ഭവം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കലിഫോർണിയയിലെ ലോറൻസ് ലൈവ്‌മോർ നാഷണൽ ലബോറട്ടറി നടത്തിയ പഠനത്തിൽ വൈറസ് ചോർന്നുവെന്ന നിഗമനം വിശ്വാസയോഗ്യമാണെന്ന് അറിയിച്ചിരുന്നു.