വാഷിങ്ടണ്‍: ചൊവ്വ പര്യവേഷണത്തിലെ ചരിത്ര വിജയത്തില്‍ നാസയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. പെർസിവറന്‍സിന്‍റെ വിജയകരമായി ചൊവ്വയില്‍ എത്തിക്കുന്നതില്‍ പങ്കുവഹിച്ച എല്ലാവരെയും അനുമോദിക്കുന്നതായും ബൈഡന്‍ ട്വീറ്റ് ചെയ്‌തു. ശാസ്‌ത്രത്തിന്‍റെ ശക്തിയും അമേരിക്കയുടെ നൈപുണ്യവും ചേരുമ്പോള്‍ അസാധ്യമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്‍റ് കമല ഹാരിസും നാസയിലെ ശാസ്‌ത്രഞ്ജരെ അഭിനന്ദിച്ച് രംഗത്ത് വന്നു. ഭാവി ദൗത്യങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് ഈ നേട്ടം. അമേരിക്കയുടെ സ്ഥിരോത്സാഹത്തിന്‍റെ ഭാഗമാണ് ഈ നേട്ടമെന്നും കമല ഹാരിസ് കുറിച്ചു.
പെര്‍സിവറന്‍സ് വിജയകരമായി ചൊവ്വയുടെ ഉപരിതലത്തില്‍ ഇറക്കാന്‍ സാധിച്ചതായി നാസ അഡ്‌മിനസ്‌ട്രേറ്റര്‍ സ്റ്റീവ് യുര്‍ജെക് പറഞ്ഞു. എല്ലായ്‌പ്പോഴും ഒരു വിക്ഷേപണമോ ലാന്‍ഡിങ്ങോ നടക്കുമ്പോള്‍ രണ്ട് പ്ലാനുമായാണ് നാസ മുന്നോട്ട് പോകാറുള്ളത്. പെര്‍സിവറന്‍സ് വിജയകരമായി ചൊവ്വയില്‍ ഇറക്കാന്‍ സാധിച്ചതിനാല്‍ സെക്കന്‍ഡ് പ്ലാന്‍ അക്ഷരാര്‍ത്ഥത്തില്‍ കീറിക്കളയുന്നതായി യുര്‍ജെക് പറഞ്ഞു.