മെക്സിക്കോയിലെ കിണറ്റില്‍ നിന്നും കണ്ടെത്തിയത് 44 മൃതദേഹങ്ങള്‍ - മെക്സിക്കോ
മെക്സിക്കോയിലെ ഗ്വാഡലഹാരയിലെ കിണറ്റിൽ നിന്നും 44 മൃതദേഹം കണ്ടെടുത്തു. 119 കറുത്ത ബാഗുകളിലായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ ക്രിമിനൽ സംഘടനകളിലൊന്നായ ജലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിനെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചു
മെക്സിക്കോ: മെക്സിക്കോയിലെ ഗ്വാഡലഹാരയിലെ കിണറ്റിൽ നിന്നും 44 മൃതദേഹം കണ്ടെടുത്തു. 119 കറുത്ത ബാഗുകളിലായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നഗരമധ്യത്തിലുള്ള കിണറ്റിൽ തള്ളിയ നിലയിലായിരുന്ന മൃതദേഹങ്ങള്‍. പല ശരീരങ്ങളും തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. നഗരത്തിൽ കടുത്ത ദുർഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളും പൊലീസും നടത്തിയ അന്വേഷണത്തിലാണ് ഗ്വാഡജലാരയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരിൽ ഏതാനും സ്ത്രീകളും ഉള്ളതായാണ് റിപ്പോർട്ട്. സംഭത്തില്‍ ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ ക്രിമിനൽ സംഘടനകളിൽ ഒന്നായ ജലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിനെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ മെക്സികോയിലെ ഒരു മേൽപ്പാലത്തിൽ അര്‍ദ്ധനഗ്നമായ 19 മൃതദേഹങ്ങൾ കെട്ടിത്തൂക്കിയതിനു പിന്നിൽ ജലിസ്കോ ന്യൂ ജനറേഷൻ കാർട്ടലായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ വ്യക്തമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ലോകത്തെ തന്നെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ മുൻനിരയിലാണ് മെക്സിക്കോ. 2018 ൽ 29,111 പേരാണ് ഇവിടെ അതിദാരുണമായി കൊല ചെയ്യപ്പെട്ടത്. പൊലീസ് വാഹനങ്ങള്‍ക്കുനേരെ വെടിയുതിർത്ത് ഓഫിസര്‍മാരെ കൊല്ലുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്നത് ഇവിടെ സാധാരണമാണ്. ഈ വര്‍ഷം ആദ്യപകുതിയില്‍ മാത്രം 17,608 പേരാണ് മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മെക്സിക്കോയില്‍ കൊല്ലപ്പെട്ടത്. ഒരു ദിവസം ശരാശരി 100 പേരെങ്കിലും ഇത്തരത്തില്‍ മെക്സിക്കോയില്‍ കൊല്ലപ്പെടുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
TAGGED:
മെക്സിക്കോ