മെക്‌സിക്കോ: മെക്‌സിക്കോയിൽ കൊവിഡ് മരണസംഖ്യ 47,000 കവിഞ്ഞതായി രാജ്യത്തെ ഡെപ്യൂട്ടി ഹെൽത്ത് സെക്രട്ടറി ഹ്യൂഗോ ലോപ്പസ്-ഗാറ്റെൽ റാമെറസ് അറിയിച്ചു. ഇതുവരെ മൊത്തം 47,472 മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തു. 2,84,847 ആളുകൾ രോഗമുക്തി നേടി. 2020 ഓഗസ്റ്റ് ഒന്നിന് 434,193 വൈറസ് കേസുകൾ സ്ഥിരീകരിച്ചു. 87,771പേർക്ക് രോഗബാധയുള്ളതായും സംശയിക്കുന്നു. 477,733 പരിശോധനകളുടെ ഫലം നെഗറ്റീവായി കണ്ടെത്തിയെന്നും ഹ്യൂഗോ ലോപ്പസ്-ഗാറ്റെൽ റാമെറസ് ട്വിറ്ററിലൂടെ അറിയിച്ചു.
മെക്‌സിക്കോയിൽ കൊവിഡ് മരണം 47,000 കടന്നു
രാജ്യത്ത് 47,472 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തതോടെ കൊവിഡ് മരണസംഖ്യയിൽ മെക്‌സിക്കോ മൂന്നാം സ്ഥാനത്തായി
വെള്ളിയാഴ്‌ച കൊവിഡ് മരണസംഖ്യയിൽ മെക്‌സിക്കോ യുകെയെ മറികടന്നിരുന്നു. 47,000ലധികം മരണം നടന്ന മെക്‌സിക്കോ മരണസംഖ്യയിൽ ഇതോടെ മൂന്നാം സ്ഥാനത്തായി. അമേരിക്ക (154,300)യും ബ്രസീലു(93,500)മാണ് വൈറസ് മരണത്തിൽ ആദ്യസ്ഥാനങ്ങളിലുള്ളത്. നാലാം സ്ഥാനത്തുള്ള ബ്രിട്ടനിലെ മരണങ്ങളുടെ എണ്ണം 46,200 ആണ്. 688 പേർക്കാണ് മെക്‌സിക്കോയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച കൊവിഡ് ബാധിച്ച് ജീവൻ നഷ്‌ടമായത്. ഇവിടുത്തെ പുതിയ കേസുകളുടെ എണ്ണം 8,458 ആണ്. അതേ സമയം, പൊതുപരിപാടികളിലും വാർത്താസമ്മേളനങ്ങളിലും മാസ്‌ക് ധരിക്കാതെ എത്തിയിരുന്ന മെക്‌സിക്കന്‍ പ്രസിഡന്‍റ് ആൻഡ്രെസ് മാനുവൽ ലോപ്പസ് ഒബ്രഡോർ ഇനിമുതൽ മാസ്‌ക് ധരിച്ചായിരിക്കും ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുക. വൈറസിനെതിരെ മാസ്‌ക് പ്രതിരോധമാകുമെന്നത് ശാസ്‌ത്രീയമായി തെളിഞ്ഞിട്ടില്ലെന്ന് ആരോപിച്ചാണ് അദ്ദേഹം മാസ്‌ക് ധരിക്കാതിരുന്നത്.