കാലിഫോര്‍ണിയ: റഷ്യയില്‍ ഫേസ്‌ബുക്കിന് ഭാഗിക നിയന്ത്രണമേര്‍പ്പെടുത്തിയതിന് പിന്നാലെ തിരിച്ചടിച്ച് മെറ്റ. ഫേസ്‌ബുക്ക് ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള ധന സമ്പാദനത്തില്‍ നിന്ന് റഷ്യന്‍ ഭരണകൂടത്തിന് കീഴിലുള്ള മാധ്യമങ്ങളെ മെറ്റ വിലക്കി.
'ലോകത്തെവിടെയും ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ പരസ്യങ്ങൾ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും ധനസമ്പാദനം നടത്തുന്നതില്‍ നിന്നും റഷ്യൻ ഭരണകൂടത്തിന് കീഴിലുള്ള മാധ്യമങ്ങളെ വിലക്കുന്നു. മറ്റ് മാധ്യമങ്ങള്‍ക്കെതിരെയും ഇതേ നടപടിയുണ്ടാകും' - ഫേസ്‌ബുക്കിന്‍റെ സുരക്ഷാനയ തലവന്‍ നതാനിയല്‍ ഗ്ലീച്ചര്‍ ട്വിറ്ററില്‍ കുറിച്ചു.
Also read: 'സെന്‍സര്‍ ചെയ്യുന്നു' ; ഫേസ്‌ബുക്കിന് ഭാഗിക നിയന്ത്രണമേര്‍പ്പെടുത്തി റഷ്യ
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തോടുള്ള പ്രതികരണമായി കമ്പനി കൂടുതൽ നടപടികൾ സ്വീകരിക്കുന്നുവെന്ന് നതാനിയല്‍ ഗ്ലീച്ചറിന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്‌തുകൊണ്ട് മെറ്റ ഗ്ലോബൽ അഫയേഴ്‌സ് വൈസ് പ്രസിഡന്‍റ് നിക്ക് ക്ലെഗും വ്യക്തമാക്കി. റഷ്യന്‍ മാധ്യമങ്ങള്‍ക്ക് ഫേസ്‌ബുക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നുവെന്ന് ആരോപിച്ച് റഷ്യന്‍ ഭരണകൂടം ഫേസ്‌ബുക്കിന് ഭാഗിക വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ നാല് റഷ്യൻ മാധ്യമങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌ത ഉള്ളടക്കത്തിന്‍റെ വസ്‌തുതാപരിശോധനയും ലേബലിങും നിർത്താൻ റഷ്യൻ അധികാരികൾ മെറ്റയോട് ആവശ്യപ്പെട്ടുവെന്നും കമ്പനി ഈ ആവശ്യം നിരസിച്ചപ്പോള്‍ മെറ്റയുടെ കീഴിലുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമായിരുന്നുവെന്നുമാണ് മെറ്റയുടെ പ്രതികരണം.