കേരളം

kerala

ETV Bharat / international

കശ്‌മീര്‍ വീണ്ടും ഐക്യരാഷ്‌ട്രസഭയില്‍: മേഖലയില്‍ ഇന്ത്യയുടെ കടന്നുകയറ്റമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി - കശ്‌മീര്‍ വീണ്ടും ഐക്യരാഷ്‌ട്രസഭയില്‍

പ്രശ്‌നപരിഹാരത്തിന് പാകിസ്ഥാനുമായി സഹകരിക്കാന്‍ ഇന്ത്യ തയാറാകണമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് ആവശ്യപ്പെട്ടു. ഐക്യരാഷ്‌ട്രസഭയുടെ പ്രമേയങ്ങളെ അവഗണിക്കുന്നത്, സഭയെയും, സഭയുടെ നിയമങ്ങളെയും അവഗണിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്‌മീര്‍ വീണ്ടും ഐക്യരാഷ്‌ട്രസഭയില്‍: മേഖലയില്‍ ഇന്ത്യയുടെ കടന്നുകയറ്റമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി

By

Published : Sep 30, 2019, 2:31 AM IST

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയില്‍ കശ്‌മീര്‍ വിഷയം വീണ്ടും ചര്‍ച്ചയായി. ചൈനയ്‌ക്കും തുര്‍ക്കിക്കും പിന്നാലെ മലേഷ്യയും വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരായ നിലപാടുമായി രംഗത്തെത്തി. കശ്‌മീരില്‍ ഇന്ത്യ അതിക്രമിച്ച് കയറി ആധിപത്യം ഉറപ്പിക്കുകയാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് പൊതുസഭയില്‍ ആരോപിച്ചു. കശ്‌മീരിലെ ഭരണകാര്യങ്ങളില്‍ ഐക്യരാഷ്ട്രസഭ കൃത്യമായ പ്രമേയം പാസാക്കിയിട്ടുണ്ട്. അതിനെ മറികടന്നാണ് ഇന്ത്യയുടെ നടപടിയെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.

"ഇന്ത്യയുടെ നടപടിക്ക് കാരണങ്ങളുണ്ടാകാം. പക്ഷേ അത് തെറ്റാണ്. പ്രശ്‌നം സമാധാനപരമായി പരിഹരിക്കണം. അതിന് പാകിസ്ഥാനുമായി സഹകരിക്കാന്‍ ഇന്ത്യ തയാറാകണം. ഐക്യരാഷ്‌ട്രസഭയുടെ പ്രമേയങ്ങളെ അവഗണിക്കുന്നത്. സഭയെയും, സഭയുടെ നിയമങ്ങളെയും അവഗണിക്കുന്നതിന് തുല്യമാണെന്ന്" മഹാതിർ പറഞ്ഞു.

എല്ലാ അംഗരാജ്യങ്ങളും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾ പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് മലേഷ്യൻ വിദേശകാര്യമന്ത്രി ദാതുക് സൈഫുദ്ദീൻ അബ്‌ദുള്ള അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്ലാമിക രാജ്യമെന്ന നിലയിൽ മലേഷ്യയ്ക്ക് വിഷയത്തിലെ യഥാർത്ഥ സ്ഥിതിഗതികൾ വിശദീകരിക്കാൻ കഴിയുമെന്ന് സൈഫുദ്ദീൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കശ്‌മീര്‍ വിഷയത്തില്‍ ആവശ്യമെങ്കിൽ മൂന്നാം കക്ഷിയെ കൊണ്ടുവരാനോ, കേസ് അന്താരാഷ്ട്ര കോടതിയിൽ കൊണ്ടുവരാനോ മഹാതിർ നിർദ്ദേശിച്ചിരുന്നു.

നേരത്തെ ചൈനയും പൊതുസഭയില്‍ കശ്‌മീര്‍ വിഷയം ഉന്നയിച്ചിരുന്നു ഏകപക്ഷീയമായ തീരുമാനങ്ങളൊന്നും ഉണ്ടാകരുതെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി അഭിപ്രായപ്പെട്ടു.
യുഎൻ പ്രമേയങ്ങൾ ഉണ്ടായിരുന്നിട്ടും എട്ട് ദശലക്ഷം ആളുകൾ കശ്മീരിൽ കുടുങ്ങിക്കിടക്കുകയാണെന്നും കശ്‌മീര്‍ പ്രശ്‌നം സംഘർഷത്തിനുപകരം രമ്യതയിലൂടെ പരിഹരിക്കണമെന്നും തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗനും അഭിപ്രായപ്പെട്ടിരുന്നു

ABOUT THE AUTHOR

...view details