മെൽബൺ:നാസ ഇന്നുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലിയ ബഹിരാകാശ ദൂരദര്‍ശിനിയാണ് ജെയിംസ് വെബ്. ഇക്കഴിഞ്ഞ ക്രിസ്‌മസ് ദിനത്തിലാണ് വിക്ഷേപണം നടന്നത്. ആ സമയം മുതല്‍ ജെയിംസ് വെബിന്‍റെ ഓരോ ചലനവും കൗതുകത്തോടെ നോക്കിക്കാണുകയാണ് ശാസ്‌ത്ര ലോകം. ബഹിരാകാശ ദൂരദര്‍ശിനിയുമായി ബന്ധപ്പെട്ട് ശുഭപ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് തിങ്കളാഴ്ച നാസ ലോകത്തെ അറിയിച്ചത്.
ചെലവിട്ടത് 30 വർഷം 10 ബില്യൺ യു.എസ് ഡോളര്‍
ഭൂമിയില്‍ നിന്നും 15,00,000 കിലോമീറ്റര്‍ അകലെ ലക്ഷ്യസ്ഥാനത്താണ് ദൂരദര്‍ശിനി നിലയുറപ്പിച്ചത്. ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള അകലത്തിന്‍റെ ഏകദേശം നാലിരട്ടി അകലമാണിത്. സൂര്യനിൽ നിന്ന് വിപരീത ദിശയിലാണ് എത്തിയതെന്ന് സാരം. സൂര്യനിൽ നിന്നും ഭൂമിയിൽ നിന്നുമുള്ള ഗുരുത്വാകർഷണം ഉപഗ്രഹത്തിന്‍റെ ചലനത്തെ സന്തുലിതമായി നിലനിർത്താൻ സഹായിക്കും.
ജെയിംസ് വെബിന്‍റെ പ്രവര്‍ത്തനം വിജയകരമായാല്‍ ജ്യോതിശാസ്ത്രജ്ഞർക്ക് അതൊരു മുതല്‍ക്കൂട്ടാവും. സ്വിൻബേൺ സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ള ശാസ്ത്ര സമൂഹം പ്രധാന കണ്ടെത്തലുകള്‍ക്കായി കാത്തിരിക്കുകയാണ്. ഏകദേശം 30 വർഷവും 10 ബില്യൺ യു.എസ് ഡോളറും ചെലവിട്ടാണ് നാസ, സ്വപ്‌ന പേടകം നിര്‍മിച്ചത്. 1990 കളില്‍ പദ്ധതി വിഭാവനം ചെയ്‌തപ്പോൾ, 2010-ന് മുന്‍പ് ദൗത്യം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടത്.
കണ്ടെത്തുക ജീവന്‍റെ ഉദ്ഭവം മുതല്‍ ക്ഷീരപഥങ്ങളിലെ തമോഗര്‍ത്തം വരെ
സാങ്കേതിക പരിമിതികൾ കാരണമാണ് വിക്ഷേപണത്തിന് താമസം നേരിട്ടത്. എന്നാല്‍, ഉദ്ദേശിച്ച സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും സ്വപ്‌നം സഫലമായതിന്‍റെ ആഹ്‌ളാദത്തിലാണ് ടീം നാസ. 6.5 മീറ്റർ വ്യാസമുള്ള സ്വർണ കണ്ണാടിയിൽ നിർമിച്ചിട്ടുള്ള ഈ ടെലസ്കോപ്പിന്‍റെ ചെലവ് 10 ബില്ല്യന്‍ ഡോളറാണ്. ഏകദേശം 73611.50 കോടിയെന്ന് ചുരുക്കം. പ്രപഞ്ചത്തിലെ പ്രകാശം ശേഖരിച്ച് മഹാവിസ്പോടനം, നക്ഷത്രങ്ങളുടെ ഉദ്ഭവം, ആദ്യ ക്ഷീരപഥം എങ്ങനെ ഉണ്ടായി, ക്ഷീരപഥങ്ങളിലെ തമോഗര്‍ത്തം, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ജീവന്‍റെ ഉദ്ഭവം തുടങ്ങിവയ പഠന വിധേയമാക്കാനാണ് ഈ ദൂരദര്‍ശിനിയുടെ ലക്ഷ്യം.
ഏറ്റവും കൃത്യതയുള്ള ചിത്രങ്ങൾ നിര്‍മിക്കുകയെന്നതാണ് ലക്ഷ്യം. പ്രൈമറി മിററിന്‍റെ 18 ഷഡ്ഭുജാകൃതിയിലുള്ള സെഗ്‌മെന്‍റുകളും ഒരു ദ്വിതീയ കണ്ണാടിയും ഉള്‍പ്പെട്ട ദൂരദര്‍ശിനിയില്‍ ഒരു മീറ്ററില്‍ 25 ബില്യൺസ് കൃത്യതയോടെയാണ് പ്രവര്‍ത്തനം നടത്തുക. ഇൻഫ്രാറെഡ് പ്രകാശം നിരീക്ഷിക്കുന്നതിനാല്‍ സംവേദനക്ഷമത വർധിപ്പിക്കുന്നതിന് ഏകദേശം -233 ഡിഗ്രി സെൽഷ്യസ് തണുപ്പ് പേടകം സൂക്ഷിക്കും. സൂര്യനിൽ നിന്ന് പൂർണമായും സംരക്ഷിക്കപ്പെടുകയെന്നതും പ്രധാന വെല്ലുവിളിയാണ്.
ചൂടുള്ളതും വലുപ്പമേറിയതുമായ നക്ഷത്രങ്ങളിൽ നിന്നുള്ള അത്യധികം തീവ്രതയേറിയ അൾട്രാവയലറ്റ് വികിരണം പേടകം ഇൻഫ്രാറെഡ് പ്രകാശമായി സ്വീകരിക്കും എന്നത് പ്രധാന സവിശേഷതാണ്. ഇക്കാരണത്താലാണ് അതിന്‍റെ കണ്ണാടികൾ സ്വർണത്തിൽ പൊതിഞ്ഞിരിക്കുന്നത്. വെള്ളി അല്ലെങ്കിൽ അലുമിനിയം എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്വർണം ഇൻഫ്രാറെഡ് പ്രകാശത്തിനും ചുവന്ന വെളിച്ചത്തിനും മികച്ച പ്രതിഫലനം നല്‍കും.
നാസ സ്വപ്‌നം കാണുന്നത് മികച്ച നിരീക്ഷണ ശാല
ഹബിള്‍ സ്‌പേസ് ടെലിസ്‌കേപ്പിനെ അപേക്ഷിച്ച് ഇൻഫ്രാറെഡിലേക്ക് വളരെ ദൂരത്തില്‍ ജെയിംസ് വെബിന് കാണാന്‍ കഴിയും. ആദ്യകാല പ്രപഞ്ചത്തെക്കുറിച്ച് പഠിക്കുന്നതിനു പുറമേ, വെബ് നാസയുടെ ഏറ്റവും മികച്ച നിരീക്ഷണശാലയായി മാറാന്‍ ഈ ദൗത്യത്തിന് കഴിയും. കൂടാതെ മറ്റ് പദ്ധതികളുടെ ശ്രമിങ്ങള്‍ക്ക് പിന്തുണയേകാനും ഈ ദൗത്യത്തിന് കഴിയും. പൊടിയാൽ മറഞ്ഞിരിക്കുന്ന പ്രപഞ്ചത്തിന്‍റെ വിവിധയിടങ്ങളിലേക്ക് ഉറ്റുനോക്കാൻ ഇത് ശാസ്ത്രജ്ഞരെ സഹായിക്കും. വളരെ കുറഞ്ഞ പിണ്ഡമുള്ള നക്ഷത്രങ്ങൾ, ക്ഷീരപഥത്തിനുള്ളിൽ മറ്റ് നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങൾ എന്നിവയുൾപ്പെടെ എല്ലാത്തിനെയും വെബിന് നിരീക്ഷിക്കാന്‍ വെബിന് കഴിയും.
ഗാലക്‌സികളുടെ കോസ്‌മിക് റെഡ്ഷിഫ്റ്റുകളെ കൃത്യമായി അളക്കാനും അവ ഏത് മൂലകങ്ങൾ കൊണ്ടാണ് നിർമ്മിച്ചതെന്ന് കണ്ടെത്താനും പദ്ധതിയുണ്ട്. വെള്ളം, അമോണിയ, കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയവയുടെ സാന്നിധ്യം കണ്ടെത്താനും വെബ് സഹായിക്കുമെന്നാണ് നാസയുടെ ശാസ്‌ത്രജ്ഞരുടെ കണക്കുകൂട്ടല്‍. 2022 ജൂണില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങുമെന്നാണ് നാസ നേരത്തേ അറിയിച്ചത്.
ALSO READ:ബ്രഹ്മോസിന്‍റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ