വിയന്ന: ഇറാന്‍റെ 2015ലെ ആണവ കരാർ പുനഃസ്ഥാപിക്കുന്നതിനായി വിയന്നയിൽ നടന്ന ചർച്ച താത്കാലികമായി നിര്‍ത്തി. ഇറാനിൽ നിന്നെത്തിയ പ്രതിനിധികൾക്ക് ടെഹ്‌റാനിലേക്ക് അടിയന്തമായി മടങ്ങിപ്പോകേണ്ട സാഹചര്യത്തിലാണ് ചർച്ച നിർത്തിവെച്ചത്. അതേസമയം ചർച്ച അവസാനഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തിൽ ഈ ഇടവേള ഏറെ നിരാശാജനകമാണെന്ന് യൂറോപ്യൻ നയതന്ത്രജ്ഞർ അഭിപ്രായപ്പെട്ടു.
അതേസമയം കൃത്യമായൊരു തീയതി ഉറപ്പിച്ചിട്ടില്ലെങ്കിലും ഡിസംബർ അവസാനത്തോടുകൂടി ചർച്ച പുനഃരാരംഭിക്കുമെന്ന് ചൈനയുടെ ചീഫ് നെഗോഷ്യേറ്റർ വാൻ ക്യുൻ പറഞ്ഞു. സംയുക്ത സമഗ്ര പദ്ധതി എന്നറിയപ്പെടുന്ന 2015ലെ ആണവ കരാറിൽ ഒപ്പുവച്ച ശേഷിക്കുന്ന രാജ്യങ്ങളുടെ ചർച്ച വിയന്നയിൽ അഞ്ച് മാസത്തിലേറെയായി നടക്കുകയാണ്.
2018ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കരാറിൽ നിന്ന് അമേരിക്കയെ പിൻവലിക്കുകയും യുഎസ് ഉപരോധം വീണ്ടും ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് 2019ൽ ആണവ നിയന്ത്രണങ്ങൾ ലംഘിക്കാൻ ഇറാനെ പ്രേരിപ്പിച്ചു. അതിനാൽ ചർച്ചകളിൽ പരോക്ഷമായാണ് അമേരിക്ക പങ്കെടുത്തത്.