വാഷിങ്ടണ്‍: യുഎസ് സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായി കൂടിക്കാഴ്‌ച നടത്തി. അഫ്‌ഗാന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര വിഷയങ്ങളില്‍ അഭിപ്രായം പങ്കുവച്ച നേതാക്കള്‍ ഇരു രാജ്യങ്ങളിലേയും കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്‌തു. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്‌ചയാണിത്. ഈ വര്‍ഷം ജൂണില്‍ ഇരുവരും ടെലിഫോണില്‍ സംസാരിച്ചിരുന്നു.
ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തെ നേതാക്കള്‍ അഭിനന്ദിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശ്രിംഗ്‌ല പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് ഇന്ത്യ അതിവേഗം മുക്തി നേടിയതിനെ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് അഭിനന്ദിച്ചുവെന്നും ഹര്‍ഷവര്‍ധന്‍ ശ്രിംഗ്‌ല കൂട്ടിച്ചേര്‍ത്തു.
ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ, കാലാവസ്ഥ വ്യതിയാനം, ബഹിരാകാശ സഹകരണം, പുതിയ സാങ്കേതിക വിദ്യ, ആരോഗ്യ മേഖലയിലെ സഹകരണം തുടങ്ങിയ വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്‌തു. ഇന്ത്യയില്‍ വേരുകളുള്ള കമല ഹാരിസിനെ രാജ്യത്തേയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും യുഎസ് വൈസ് പ്രസിഡന്‍റ് ക്ഷണം സ്വീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്തമാക്കി.
ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനും യുഎന്‍ പൊതുസഭയുടെ 76ാമത് പൊതു അസംബ്ലിയെ അഭിസംബോധന ചെയ്യുന്നതിനുമായി അമേരിക്കയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായും ആദ്യ ദിവസം കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെ മോദി വൈറ്റ് ഹൗസിലെത്തി നേരില്‍ കാണും. ജോ ബൈഡന്‍ പ്രസിഡന്‍റായതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്‌ചയാണിത്.
Read more: പ്രധാനമന്ത്രിയുടെ യു.എസ് സന്ദര്‍ശനം തുടങ്ങി