ന്യൂഡൽഹി: ഇന്ത്യൻ നിര്‍മിത കൊവിഡ് വാക്‌സിൻ കാനഡയിലേക്കും കയറ്റുമതി ചെയ്യാൻ ഒരുങ്ങുന്നു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ അഭ്യർഥനയെത്തുടർന്നാണ് വാക്സിനുകൾ വിതരണം ചെയ്യുന്നത്. വാക്‌സിന്‍ കയറ്റി അയക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യയോട് കൊവിഡ് മരുന്ന് ആവശ്യപ്പെട്ട് കാനഡ; മരുന്ന് ഉടന്‍ കയറ്റുമതി ചെയ്യും - ഇന്ത്യാ കാനഡ ബന്ധം
വാക്‌സിനുകള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്
കാനഡയുമായി വളരെ അടുത്ത ബന്ധമാണ് ഇന്ത്യ നിലനിര്‍ത്തുന്നത്. കൊവിഡ് വാക്‌സിൻ വിതരണത്തില്‍ കാനഡയുമായി സഹകരിക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സഹകരണം അഭ്യര്‍ഥിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നരേന്ദ്ര മോദി പിന്തുണ പ്രഖ്യാപിച്ചത്. നേരത്തെ, ഇന്ത്യയിൽ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ട്രൂഡോ ആശങ്ക പ്രകടിപ്പിച്ചപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ സംഭവിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് വിദേശകാര്യ മന്ത്രാലയം അന്നു തന്നെ പ്രസ്‌താവനയിറക്കിയിരുന്നു. പിന്നാലെ നിലപാട് മാറ്റിയ ട്രൂഡോ കർഷക നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ഇന്ത്യയെ അഭിനന്ദിച്ചു.
കൊവിഡ് പ്രതിരോധ മരുന്ന് വിതരണത്തില്‍ ഏറ്റവും മുൻപന്തിയിലുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇതുവരെ 20 രാജ്യങ്ങള്‍ ഇന്ത്യയോട് കൊവിഡ് മരുന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചില രാജ്യങ്ങള്‍ക്ക് വാണിജ്യ തരത്തിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് സഹായമായും ഇന്ത്യ മരുന്ന് നല്‍കുന്നുണ്ട്.