വാഷിങ്ടൺ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യക്ക് അടിയന്തര ധനസഹായം അനുവദിച്ച് ലോകബാങ്ക്. ഒരു ബില്യൺ ഡോളറിന്‍റെ അടിയന്തര സാമ്പത്തിക സഹായമാണ് അനുവദിച്ചിട്ടുള്ളത്. കൂടുതൽ മെച്ചപ്പെട്ട രോഗ നിർണയ പ്രക്രിയകൾക്കും ടെസ്റ്റിങ് കിറ്റ്, വെന്‍റിലേറ്റർ തുടങ്ങി പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനും പുതിയ ഐസൊലേഷന്‍ വാർഡുകൾ തയ്യാറാക്കുന്നതിനുമായാണ് ധനസഹായം.ലോക ബാങ്ക് കൊവിഡ് 19 ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ നിന്നാണ് ധനസഹായം നല്‍കുന്നത്.
ഇന്ത്യക്ക് ഒരു ബില്യൺ ഡോളർ അടിയന്തര ധനസഹായം അനുവദിച്ച് ലോക ബാങ്ക് - ലോക ബാങ്ക്
40 രാജ്യങ്ങൾക്ക് കൂടി ധനസഹായം നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ലോക ബാങ്ക് അറിയിച്ചു
ആദ്യഘട്ടത്തിൽ വികസ്വര രാജ്യങ്ങൾക്കാണ് ലോക ബാങ്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ഘട്ടത്തിൽ 25 രാജ്യങ്ങൾക്കാണ് സഹായം ലഭിക്കുക. 40 രാജ്യങ്ങൾക്ക് കൂടി ധനസഹായം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ലോക ബാങ്ക് അറിയിച്ചു. കൊവിഡിനെ നേരിടുന്നതിനായും സാമ്പത്തിക ഉയർത്തെഴുന്നേൽപ്പിനുമായി അടുത്ത 15 മാസത്തിനുള്ളിൽ 160 ബില്യൺ ഡോളർ അനുവദിക്കുന്ന കാര്യങ്ങൾ പരിഗണനയിലാണെന്നും ലോക ബാങ്ക് വ്യക്തമാക്കി.
കൊവിഡ് 19 നെ തുടർന്നുണ്ടായ സാമ്പത്തിക നഷ്ടം വീണ്ടെടുക്കുന്നതിനും വികസ്വര രാജ്യങ്ങളുടെ കഴിവ് ശക്തിപ്പെടുത്തുന്നതിനുമാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി പാകിസ്ഥാന് 200 മില്യൺ ഡോളറും അനുവദിച്ചിട്ടുണ്ട്.