ലോസ് ആഞ്ചലസ്: ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാഴ്‌ത്തി ബോണ്ട് പരമ്പരയിലെ 25ാമത്തെ ചിത്രം 'നോ ടൈം ടു ഡൈ' സെപ്‌റ്റംബറിലാണ് തീയറ്ററുകളിലെത്തിയത്. ജയിംസ് ബോണ്ടായി ബ്രിട്ടീഷ് നടന്‍ ഡാനിയല്‍ ക്രെയ്‌ഗ് എത്തിയ അഞ്ചാമത്തേയും അവസാനത്തേയും ചിത്രമായിരുന്നു നോ ടൈം ടു ഡൈ. റോജര്‍ മൂറിനും ഷോണ്‍ കോണറിക്കും ശേഷം ഏറ്റവും കൂടുതല്‍ തവണ ബോണ്ടായി വെള്ളിത്തിരയിലെത്തിയ ഡാനിയല്‍ ക്രെയ്‌ഗ് ബോണ്ട് വേഷം അഴിച്ചുവക്കുമ്പോള്‍ അടുത്ത ബോണ്ട് ഇനി ആര് എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.
പുതിയ ബോണ്ടായി ബ്രിട്ടീഷ് നടന്‍ ഇദ്രിസ് എല്‍ബ എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും ഇദ്രിസ് എല്‍ബയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ നിർമാതാവായ ബാർബറ ബ്രോക്കോളിയാണ് എൽബ ബോണ്ട് ഫ്രാഞ്ചൈസിയുടെ ഭാഗമാകുമെന്ന സൂചന നല്‍കിയത്. എന്നാല്‍ തിരക്ക് പിടിച്ച് ഡാനിയൽ ക്രെയ്‌ഗിന്‍റെ പകരക്കാരനെ പ്രഖ്യാപിക്കില്ലെന്നും ബ്രോക്കോളി വ്യക്തമാക്കിയിട്ടുണ്ട്.
'ഇദ്രിസ് എൽബയെ ഞങ്ങൾക്കറിയാം, ഞങ്ങള്‍ സുഹൃത്തുക്കളാണ്. അദ്ദേഹം ഒരു മികച്ച നടനാണ്. അടുത്ത ബോണ്ടായി എല്‍ബയെ പരിഗണിക്കുന്നത് ചര്‍ച്ചകളുടെ ഭാഗമാണ്. എന്നാൽ ബോണ്ടായി ഒരു നടനുള്ളപ്പോള്‍ മറ്റൊരാളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ബുദ്ധിമുട്ടാണ്. 'നോ ടൈം ടു ഡൈ' തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത് വരെ ഇക്കാര്യത്തെ കുറിച്ച് ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്യില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്,' ബാര്‍ബറ ബ്രോക്കോളി വ്യക്തമാക്കി.