വാഷിങ്ടൺ:രാജ്യത്ത് ആദ്യമായി ഒരു വനിതാ പ്രസിഡന്‍റ് ഉണ്ടാകുന്നതിൽ പിന്തുണക്കുന്നുവെന്നും എന്നാൽ അത് കമലാ ഹാരിസ് ആകുന്നതിൽ താൽപര്യമില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായി നാമനിർദേശം സ്വീകരിച്ച ശേഷമുള്ള തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ന്യൂ ഹാംഷെയറിലെ ലണ്ടൻഡെറിയിലെ വിമാനത്താവളത്തിൽ തന്‍റെ അനുയായികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി മത്സരിക്കുന്ന കമലാ ഹാരിസിനെ ട്രംപ് പരിഹസിച്ചു. "ഇത് ഒരു പക്ഷെ നിങ്ങളുടെ പ്രസിഡന്‍റായിരിക്കും? ഞാൻ അങ്ങനെ വിചാരിക്കുന്നില്ല. ഞാൻ അങ്ങനെ വിചാരിക്കുന്നേയില്ല. അമേരിക്കക്ക് ആദ്യ വനിതാ പ്രസിഡന്‍റിനെ ലഭിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ, തീർത്തും ഒരു എതിരാളിയല്ലാത്ത, ഇവർ ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ എനിക്ക് യോജിപ്പില്ല. ഞങ്ങൾക്ക് ഇവാങ്കയെ മതിയെന്ന് ആളുകൾ ആവശ്യപ്പെടുന്നതിൽ എനിക്ക് കുറ്റം പറയാൻ സാധിക്കില്ല," എന്നാണ് യുഎസ് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടത്.
ആദ്യ വനിതാ പ്രസിഡന്‍റിനെ കാണണം, പക്ഷേ കമലാ ഹാരിസാകരുതെന്ന് ട്രംപ്
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി മത്സരിക്കുന്ന കമലാ ഹാരിസ് ഒരു നല്ല എതിരാളിയല്ലെന്ന് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായി നാമനിർദേശം സ്വീകരിച്ച ശേഷമുള്ള തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്
യുഎസിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്തോ- ആഫ്രിക്കൻ വംശജയായ വനിത, വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. അമേരിക്കൻ പ്രസിഡന്‍റ് കൊവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നത് വളരെ മോശമായാണെന്ന തരത്തിൽ വ്യാഴാഴ്‌ച കമല ഹാരിസ് വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് കമലാ ഹാരിസിനെതിരെ അഭിപ്രായപ്രകടനം നടത്തിയത്.