വാഷിങ്ടണ്‍: അഫ്‌ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച തീരുമാനത്തില്‍ പശ്ചാത്താപമില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. താലിബാനെതിരെ അഫ്‌ഗാനിലെ നേതാക്കൾ ഒന്നിച്ച് പോരാടണം. താലിബാനേക്കാള്‍ സൈനിക ശക്‌തി അഫ്‌ഗാന്‍ സൈന്യത്തിനുണ്ടെന്നും അതിനാൽ തന്നെ രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യണമെന്നും ബൈഡന്‍ പറഞ്ഞു.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ കോടിക്കണക്കിന് പണം അമേരിക്ക അഫ്‌ഗാനിലെ സൈനിക നീക്കങ്ങള്‍ക്കായി ചെലവഴിച്ചു. ആയിരക്കണക്കിന് യുഎസ് സൈനികരുടെ വിലപ്പെട്ട ജീവനും നഷ്ടമായി. അതിനാൽ തന്നെ അഫ്‌ഗാനില്‍ അമേരിക്ക ഇനിയൊരു സൈനിക നീക്കത്തിനില്ല എന്നും ബൈഡൻ വ്യക്‌തമാക്കി.
അമേരിക്കന്‍ സേന പിന്‍വാങ്ങിയതോടെ അഫ്‌ഗാനിസ്ഥാന്‍ സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടം രൂക്ഷമാണ്. രാജ്യത്തെ കൂടുതല്‍ നഗരങ്ങളിലേക്ക് കടന്നുകയറി താലിബാന്‍ നിയന്ത്രണം ശക്തിപ്പെടുത്തുകയാണ്. വടക്കന്‍ പ്രവിശ്യയായ ബാഗ്ലാന്‍റെ തലസ്ഥാന നഗരമായ പുല്‍ ഇ ഖുംരിയും താലിബന്‍ ഭീകരര്‍ കീഴടക്കി. കഴിഞ്ഞ ഒരാഴ്‌ചക്കിടെ താലിബാന്‍ പിടിച്ചെടുക്കുന്ന ഏഴാമത്തെ പ്രവിശ്യാ തലസ്ഥാനമാണിത്.
ALSO READ:വ്യോമാക്രമണം: 25 താലിബാന്‍ ഭീകരരെ വധിച്ചുവെന്ന് അഫ്‌ഗാന്‍ സേന
താലിബാന്‍ ആക്രമണം ചെറുക്കാന്‍ അഫ്‌ഗാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ വ്യോമസേനയോട് പിന്തുണ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്‍മാരോട് എത്രയും പെട്ടെന്ന് അഫ്‌ഗാനിസ്ഥാന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസിയും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ കമ്പനികള്‍ ജീവനക്കാരെ അഫ്‌ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.