നാസോ (ബഹാമാസ്): മണിക്കൂറില്‍ 295 കിലോമീറ്റര്‍ വേഗത്തില്‍ തീരം തീട്ട ഡോറിയൻ ചുഴലിക്കാറ്റില്‍ വടക്കുപടിഞ്ഞാറൻ ബഹാമാസിൽ കനത്ത നാശനഷ്ടം. ഡോറിയന്‍റെ സഞ്ചാരരപഥത്തിലുണ്ടായിരുന്ന ഭൂരിപക്ഷം വീടുകളും തകര്‍ന്ന് തരിപ്പണമായി. ഗ്രാന്‍ഡ് ബഹാമയിലെ പല വീടുകളിലും വെള്ളം കയറി. കാറ്റിന്‍റെ സ്വാധീനം താരതമ്യേനെ കുറഞ്ഞ പ്രദേശങ്ങളിലും നാശനഷ്ടങ്ങള്‍ക്ക് കുറവില്ല. മേഖലയില്‍ നിന്നും നേരത്തെ തന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നു.
മണിക്കൂറിൽ 295 കിലോമീറ്റർ വേഗത്തിലാണ് ഞായറാഴ്ച പ്രദേശത്ത് കാറ്റടിച്ചത്. മേഖലയില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഡോറിയനെന്ന് അമേരിക്കന്‍ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. അബാക്കോ ദ്വീപുകളിൽ ദുരന്തസാഹചര്യങ്ങൾ ഉണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കൊടുങ്കാറ്റിനെ തുടര്‍ന്ന് ബഹാമാസിൽ 76 സെന്‍റിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.