വാഷിങ്‌ടൺ: അഹമ്മദാബാദിലെ നമസ്‌തേ ട്രംപിന്‍റെ സംഘാടകർക്ക് ഹൗഡി മോദി ടീം ആശംസ നൽകി. ഫെബ്രുവരി 24 നാണ് യുഎസ് പ്രസിഡന്‍റ് ഡൊണാൾട് ട്രംപ് അഹമ്മദാബാദിലെത്തുന്നത്. ശേഷം നരേന്ദ്രമോദിയുമായി മോട്ടേര സ്റ്റേഡിയത്തിലെ പരിപാടിയിൽ പങ്കെടുക്കും.
നമസ്‌തേ ട്രംപിന്‍റെ സംഘാടകർക്ക് ആശംസ നൽകി ഹൗഡി മോദി ടീം
ഇരു രാജ്യങ്ങളുടെയും സാമ്പത്തിക പുരോഗതിക്കും ലോകസമാധാനം നിലനിർത്തുന്നതിനും സന്ദർശനം സഹായിക്കുമെന്നാണ് പ്രതീക്ഷ.
നമസ്‌തേ ട്രംപിന്‍റെ സംഘാടകരുടെ അധ്വാനഭാരം എത്രയാണെന്ന് മനസിലാക്കുന്നുവെന്നും അവരുടെ ശ്രമത്തിന് കൃത്യമായ ഫലം ഉണ്ടാകട്ടെയെന്നും ആശംസിക്കുന്നതായി ഹൗഡി മോദി കൺവീനറായിരുന്ന ജുഗൽ മലാനി അറിയിച്ചു. സെപ്‌റ്റംബറിൽ നടന്ന അമേരിക്കൻ സന്ദർശന സമയത്ത് മോദി ട്രംപിനൊപ്പം അമ്പതിനായിരത്തോളം ഇന്ത്യക്കാരെയും അമേരിക്കക്കാരെയും അഭിസംബോദന ചെയ്‌ത് സംസാരിച്ചിരുന്നു.
ഇതാദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്‍റ് ഇന്ത്യാ സന്ദർശനം നടത്തുന്നത്. ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ട്രംപിന്‍റെ സന്ദർശനം അവസരമൊരുക്കുന്നു. രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിക്കും ലോകസമാധാനം നിലനിർത്തുന്നതിനും ഇത് സഹായിക്കും. മാത്രമല്ല പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനും നിലവിലെ വ്യാപാര തടസങ്ങൾ കുറയ്ക്കുന്നതിനും ഈ കൂടിക്കാഴ്‌ച സഹായിക്കുമെന്നാണ് പ്രതീക്ഷ.