വാഷിംങ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം സെനറ്റിലേക്ക് കൈമാറി. അധികാര ദുർവിനിയോഗം നടത്തിയെന്ന കുറ്റം ആരോപിച്ച് ട്രംപിനെ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കാനുള്ള പ്രമേയം ഒരു മാസം മുമ്പ് ജനപ്രതിനിധിസഭ പാസാക്കിയിരുന്നു. സെനറ്റില്‍ മൂന്നില്‍ രണ്ട് പേരുടെ ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ ഇംപീച്ച്മെന്‍റ് നടപ്പാവുകയുള്ളു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ പ്രമേയം പാസാവാനുള്ള സാധ്യത കുറവാണ്.
സെനറ്റില്‍ ട്രംപിന്‍റെ വാദം കേള്‍ക്കാനുള്ള മാനേജര്‍മാരെ സ്‌പീക്കര്‍ നാന്‍സി പെലോസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്‍റലിജന്‍സ് സെലക്‌ട് കമ്മിറ്റി സ്ഥിരം ചെയര്‍മാന്‍ ആദം ഷിഫ് ആണ് ബെഞ്ചിലെ പ്രധാന മാനേജര്‍. ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാന്‍ ജെറി നാഡ്‌ലര്‍, പാര്‍ലമെന്‍റ് ഹൗസ് അഡ്‌മിനിസ്‌ട്രേഷന്‍ ചെയര്‍മാന്‍ സോയ് ലോഫ്‌ഗ്രെന്‍, ഡെമോക്രാറ്റിക് ഹൗസ് ചെയര്‍മാന്‍ ഹക്കീം ജെഫ്രൈസ്, ജുഡീഷ്യറി കമ്മിറ്റി അംഗം എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ഇംപീച്ച്‌മെന്‍റ് പ്രമേയം സെനറ്റില്‍ ഉച്ചത്തില്‍ വായിച്ചുകേള്‍പ്പിക്കുന്നതിനായി സെനറ്റ് നേതാവ് മിച്ച് മക്കോണല്‍, സ്‌പീക്കര്‍ നിയോഗിച്ച മാനേജര്‍മാരെ ക്ഷണിച്ചു. പ്രമേയം വായിച്ചതിന് ശേഷം സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ജോണ്‍ റോബര്‍ട്ട് സെനറ്റിന്‍റെ താത്കാലിക പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്യും. പിന്നീടാണ് ഇംപീച്ച്മെന്‍റിനുമേലുള്ള വാദപ്രതിവാദങ്ങള്‍ ആരംഭിക്കുക.
ഇംപീച്ച്‌മെന്‍റ് നടപടികള്‍ രാജ്യം ദുര്‍ഘടമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. രാജ്യം എന്ത് ആഗ്രഹിക്കുന്നുവോ അത് സെനറ്റില്‍ നടപ്പാകുമെന്ന് സെനറ്റില്‍ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവ് മിച്ച് മക്കോണല്‍ പറഞ്ഞു. ഭരണഘടന പ്രകാരമാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് സ്‌പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. "ഇന്ന് നാം ചരിത്രം സൃഷ്‌ടിക്കും, അധികാര ദുര്‍വിനിയോഗം നടത്തിയ പ്രസിഡന്‍റിനെതിരായ പ്രമേയം അവതരിപ്പിക്കുന്നതോടുകൂടി മാനേജര്‍മാര്‍ പുതിയ ചരിത്രത്തിലേക്ക് കാലെടുത്ത് വയ്‌ക്കുകയാണ്". - നാന്‍സി പെലോസി വ്യക്‌തമാക്കി.
ജനപ്രതിനിധി സഭയില്‍ പാസായ പ്രമേയം ഒരു മാസത്തിന് ശേഷമാണ് സെനറ്റിലേക്ക് കൈമാറാന്‍ സ്‌പീക്കര്‍ നാന്‍സി പെലോസി തയ്യാറായത്. ട്രംപിനെതിരായ ആരോപണത്തില്‍ ഒരു സാക്ഷിയെക്കൂടി വിസ്‌തരിക്കാന്‍ അവസരം നല്‍കണമെന്ന് നാന്‍സി പെലോസി ആവശ്യപ്പെട്ടിരുന്നു. ഇത് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ പ്രമേയം സെനറ്റില്‍ അവതരിപ്പിക്കുകയുള്ളുവെന്നാണ് പെലോസി പറഞ്ഞിരുന്നത്. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജോണ്‍ ബോള്‍ട്ടാണ് ട്രംപിനെതിരെ മൊഴി നല്‍കാന്‍ രംഗത്തെത്തിയിരിക്കുന്നത്.
റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭുരിപക്ഷമുള്ള സഭയിൽ ഇംപീച്ച്മെന്‍റ് പ്രമേയം പാസാവാനുള്ള സാധ്യത കുറവാണെങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ട്രംപിന്‍റെ പ്രതിഛായക്ക് കാര്യമായ ക്ഷതം ഏൽപ്പിക്കാൻ ഇംപീച്ച്മെന്‍റ് നടപടികൾ ഉപകരിക്കുമെന്നാണ് ഡെമോക്രാറ്റുകളുടെ പ്രതീക്ഷ. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥിയാകുമെന്ന് കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്താൻ യുക്രൈൻ സർക്കാരിനുമേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്മെന്‍റ് നടപടി നേരിടുന്നത്. സെനറ്റില്‍ വിചാരണ നേടുന്ന അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്‍റാണ് ട്രംപ്.