അധികാരത്തിനായി അത്യാര്‍ത്തിയോടെ പാഞ്ഞു നടക്കുന്ന ഒരാളെ കാണണമെങ്കില്‍ ഡൊണാള്‍ഡ് ട്രംപിനെയല്ലാതെ മറ്റാരേയും നോക്കേണ്ടി വരില്ല ആര്‍ക്കും. ഒരു വശത്ത് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ആഗ്രഹിക്കുമ്പോള്‍ മറുവശത്ത് രണ്ടാം തവണയും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടാന്‍ ട്രംപ് ആഗ്രഹിക്കുന്നു. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വേണ്ടി അദ്ദേഹം ലോക രാഷ്ട്രങ്ങളെ നരക തുല്യമാക്കുകയാണ്. ഇക്കാരണത്താല്‍ തന്നെ മധ്യ പൂര്‍വേഷ്യ, അഫ്‌ഗാനിസ്ഥാന്‍, വെനിസുല തുടങ്ങിയ നിര്‍ണായക ഭൂരാഷ്ട്രീയ മേഖലകളിലെല്ലാം സമാധാനം ഇല്ലാതായിരിക്കുന്നു. തെരഞ്ഞെടുപ്പിന് വെറും ഒമ്പത് മാസം മാത്രം ബാക്കി നില്‍ക്കെ തന്‍റെ വിശ്വസ്ഥരെ മുഴുവന്‍ വിധിക്ക് വിട്ട് സ്വന്തം താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുവാന്‍ പാഞ്ഞു നടക്കുകയാണ് ട്രംപ്. ലാഭ നഷ്‌ട കണക്കുകള്‍ മാത്രമേ ട്രംപിലെ ബിസിനസുകാരന്‍ കണക്കു കൂട്ടുന്നുള്ളൂ. യുഎസ്-താലിബാന്‍ സമാധാന കരാറാണ് ഏറ്റവും അടുത്തുണ്ടായ ഉദാഹരണം.
അമേരിക്കന്‍ പ്രതിനിധി ജാമെ ഖാലിസാദും താലിബാന്‍ കമാന്‍ഡര്‍ മുല്ല ബരാദറും ഖത്തറിലെ ദോഹയില്‍ ഈ കരാറില്‍ ഒപ്പു വെച്ചു. പാകിസ്ഥാന്‍, ചൈന, തുര്‍ക്കി, ഇന്ത്യോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും കരാറില്‍ പങ്കു ചേര്‍ന്നു. ഈ കരാറിലൂടെ അടുത്ത 14 മാസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ സൈന്യത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വലിക്കാന്‍ യുഎസ് സമ്മതിക്കുന്നു. ഇതിനു പുറമെ, അഫ്‌ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്കും വഴിവെക്കും ഈ കരാറെന്ന് പ്രതീക്ഷിക്കുന്നു. ഈ ചര്‍ച്ചകള്‍ വിജയകരമായാല്‍ 2014 ഡിസംബറില്‍ തുടക്കം കുറിച്ച ഓപ്പറേഷന്‍ റസല്യൂട്ട് സപ്പോര്‍ട്ട് എന്ന ദൗത്യത്തില്‍ നിന്നും പുറത്തു കടക്കാന്‍ യുഎസിനു കഴിഞ്ഞേക്കും. യഥാര്‍ഥത്തില്‍ 2001ല്‍ തുടങ്ങിയ ഓപ്പറേഷന്‍ എന്‍ഡ്യുറിങ് ഫ്രീഡം 2014-ല്‍ അവസാനം കുറിച്ചെങ്കിലും താലിബാനുമായിട്ടുള്ള പോരാട്ടങ്ങള്‍ തുടര്‍ന്നു വന്നു. 2014 മുതല്‍ അമേരിക്കന്‍ സേനക്ക് പകരം അഫ്ഗാന്‍ സേനയാണ് താലിബാനുമായി ഏറ്റുമുട്ടുന്നത്. അതിനുള്ള പിന്തുണ മാത്രമേ അമേരിക്ക നല്‍കുന്നുള്ളൂ. സമാധാന ചര്‍ച്ചകള്‍ ശുഭമായി പര്യവസാനിച്ചാല്‍ 18 വര്‍ഷമായി തുടരുന്ന രക്തരുക്ഷിത യുദ്ധം അവസാനിക്കും. കരാറിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ജാഗ്രതയോടെയാണ് യുഎസ് ആഭ്യന്തര സെക്രട്ടറി മൈക്ക് പോമ്പിയൊ മറുപടി നല്‍കിയത്. അഫ്‌ഗാന്‍റെ മണ്ണില്‍ നിന്നും ഭീകര പ്രവര്‍ത്തനത്തെ തുടച്ചു മാറ്റിയാല്‍ മാത്രമേ അമേരിക്കയും സഖ്യ കക്ഷികളും വിജയിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള സ്ഥിതിഗതികള്‍ വെച്ചു നോക്കുമ്പോള്‍ പോമ്പിയോയുടെ സ്വപ്നം ഒരു മരീചിക പോലെ തോന്നിക്കുന്നു. അതേ സമയം മറുവശത്ത്, താലിബാന്‍റെ രാഷ്ട്രീയ തലവന്‍ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സ്റ്റായ് ഇത് തങ്ങളുടെ വിജയം തന്നെയാണെന്ന് അവകാശപ്പെട്ടു. ഈ സമാധാന കരാറിനെ തന്ത്രപരമായ ഒരു കരാര്‍ എന്നാണ് താലിബാന്‍ വിളിക്കുന്നതെന്ന് ദി ഗാഡിയന്‍ പോലുള്ള മാധ്യമങ്ങള്‍ പറഞ്ഞു.
അഫ്‌ഗാനിസ്ഥാനില്‍ നിന്നും എത്രയും പെട്ടെന്ന് സാധ്യമാവുമോ അത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകാനുള്ള യുഎസിന്‍റെ നിരാശയോടെയുള്ള നീക്കമാണ് ഈ കരാറിലെ ഓരോ വാക്കുകളും സൂചിപ്പിക്കുന്നത്. അടുത്ത 14 മാസങ്ങളില്‍ മൊത്തം സൈന്യത്തേയും പിന്‍വലിക്കുന്നതിന്‍റെ ഭാഗമായി അടുത്ത ആദ്യ 135 ദിനങ്ങളില്‍ അഞ്ച് സൈനിക കേന്ദ്രങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കപ്പെടും. 8600 അമേരിക്കന്‍ ഭടന്മാരും അതുപോലുള്ള സഖ്യ കക്ഷി സൈനിക സംഘങ്ങളും പിന്‍ വലിക്കപ്പെടും. ഐക്യരാഷ്ട്ര സഭ, യുഎസ് ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതും കരാറില്‍ ഉള്‍പ്പെടുന്ന കാര്യമാണ്. യുഎസ് എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചുള്ള പരാമര്‍ശവും അതിനുള്ള കൃത്യമായ ദിവസങ്ങളും കാലയളവും എല്ലാം തന്നെ കരാറിന്‍റെ ആദ്യ ഭാഗങ്ങളിലുണ്ട്. പക്ഷെ താലിബാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് പ്രതീക്ഷിക്കുന്ന നടപടികളെ കുറിച്ച് ഒന്നും തന്നെ രണ്ടാം ഭാഗത്തില്‍ കാണുന്നില്ല. അല്‍ ഖ്വൈദ പോലുള്ള മറ്റ് ഭീകര സംഘടനകളുമായുള്ള ബന്ധം താലിബാന്‍ അവസാനിപ്പിക്കണമെന്ന് കരാറില്‍ നിബന്ധനയുണ്ട്. അല്‍ ഖ്വൈദയെ പിന്തുണക്കുന്നതിനായി തങ്ങളുടെ സാമ്രാജ്യം തന്നെ വിട്ടൊഴിഞ്ഞതാണ് താലിബാന്‍. പിന്നെ അവരെന്തിന് ട്രംപിന് വേണ്ടി എല്ലാം അവസാനിപ്പിക്കണം? രണ്ടാം ഭാഗത്തിലെ അഞ്ചാമത്തെ പോയിന്‍റ് ഒരു അപകടകരമായ സൂചനയാണ് നല്‍കുന്നത്.
അമേരിക്കയുടെയും അതിന്‍റെ സഖ്യ കക്ഷികളുടേയും സുരക്ഷക്ക് ഭീഷണിയാകുന്ന ആര്‍ക്കും തന്നെ താലിബാന്‍ വിസയോ പാസ്‌പോര്‍ട്ടോ യാത്രാ അനുമതികളോ നല്‍കുന്നത് നിരോധിച്ചിരിക്കുന്നു അത്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ പരോക്ഷമായി അംഗീകരിക്കുന്നു യുഎസ് എന്ന് ഇത് അര്‍ഥമാക്കുന്നു. താലിബാന്‍ സ്വയം പ്രഖ്യാപിച്ച ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനെയാണ് സര്‍വ ശക്തിയോടെയും യുഎസ് പ്രതിരോധിച്ചത് എന്നോര്‍ക്കണം. കരാറിലെ വ്യവസ്ഥകള്‍ താലിബാന്‍ പാലിക്കപ്പെടാതിരുന്നാല്‍ തങ്ങള്‍ തിരികെ വരുമെന്ന് അമേരിക്ക പറയുന്നു. 14 മാസത്തെ കാലയളവാണ് അതിന് നല്‍കിയിരിക്കുന്നത്. ഇക്കാലയളവിനുള്ളില്‍ അമേരിക്കയുടെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ രാഷ്ട്രീയ സമ്മര്‍ദങ്ങളില്‍ നിന്നും നേതൃത്വം മുക്തമാവുകയും അത് ഒരു മനം മാറ്റത്തിന് കാരണമാവുകയും ചെയ്യും. ഈ കരാറിനെ കുറിച്ച് ഉല്‍കണ്‌ഠ രേഖപ്പെടുത്തി കഴിഞ്ഞു മുന്‍ ദേശീയ സുരക്ഷാ ഉപദേശകന്‍ ജോണ്‍ ബോള്‍ട്ടണ്‍. അഫ്ഗാനിസ്ഥാനില്‍ നിലവിലുള്ള രാഷ്ട്രീയ അനിശ്ചിതത്വവും സമാധാന കരാറിന് ഒരു പ്രതിബന്ധം ആയേക്കും. 50.64 ശതമാനം വോട്ട് പങ്കാളിത്തം നേടികൊണ്ട് അഷ്റഫ് ഗനി, 39.52 ശതമാനം വോട്ട് പങ്കാളിത്തം നേടിയ എതിരാളി അബ്ദുള്ളയെ തോല്‍പ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു എങ്കിലും ഫലം സ്വീകാര്യമല്ലെന്നാണ് അബ്ദുള്ള പറയുന്നത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ തലപൊക്കിയപ്പോള്‍ അമേരിക്ക ഗനിയെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പാട്ടിലാക്കിയെടുക്കുകയും ചീഫ് എക്‌സിക്യൂട്ടീവ് ആയി അബ്ദുള്ളയെ നിയമിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇത്തവണ താലിബാനുമായി കരാറുണ്ടാക്കുന്ന തിരക്കിലാണ് അമേരിക്ക. താലിബാനുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതുവരെ രാഷ്ട്രീയ വൈരങ്ങള്‍ മാറ്റി വെക്കുന്നതിനായി റഷ്യ പോലുള്ള രാജ്യങ്ങള്‍ ഇവിടുത്തെ നേതാക്കളോട് ആഹ്വാനം ചെയ്യുന്നു. ഗനി അഫ്ഗാനിസ്ഥാന്‍റെ പ്രസിഡന്‍റായി തുടരുമെങ്കിലും നിലവിലെ സമാധാന ചര്‍ച്ചകളുടെ കാര്യത്തില്‍ ഒരു രാഷ്ട്രീയ അഭിപ്രായ സമന്വയം ഉണ്ടാകാതെ പോയാല്‍ പ്രശ്‌നങ്ങള്‍ വീണ്ടും തലപൊക്കുക തന്നെ ചെയ്യും.
ഈ കരാര്‍ മൂലം അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ മുതല്‍ മുടക്കുകളോടൊപ്പം ഊര്‍ജ സുരക്ഷയും വ്യാപാരവുമെല്ലാം അപകടത്തിലാവുകയാണ്. സുരക്ഷാ പിഴവുകള്‍ക്കുള്ള സാധ്യതകളും ഉണ്ടാകാന്‍ ഇടയുണ്ട്. ഇന്ത്യ എന്നും അഫ്ഗാന്‍ സര്‍ക്കാരിന്‍റെ അടുത്ത സുഹൃത്തായി തുടരുകയും താലിബാനില്‍ നിന്നും അകലം പാലിക്കുകയും ചെയ്തു പോന്നിട്ടുണ്ട്. അഫ്ഗാന്‍ സര്‍ക്കാരും താലിബാന്‍ നേതാക്കളും തമ്മിൽ മോസ്‌കോയില്‍ നടന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുവാന്‍ ഇന്ത്യ തങ്ങളുടെ മുന്‍ അംബാസിഡര്‍മാരായ അമര്‍ സിന്‍ഹ, ടി.സി.എ രാഘവന്‍ എന്നിവരെ പറഞ്ഞയക്കുകയുണ്ടായി. യഥാര്‍ഥത്തില്‍ ഈ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രക്രിയകള്‍ക്ക് വേഗമാര്‍ജ്ജിച്ചത്. വെറുമൊരു നിരീക്ഷകന്‍റെ വേഷത്തിലാണ് കരാര്‍ ഒപ്പു വെച്ച ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ പി.കുമരന്‍ പങ്കെടുത്തത്. അതേസമയം തന്നെ താലിബാനുമായും യുഎസുമായുമുള്ള തങ്ങളുടെ സ്വാധീനം പാകിസ്ഥാന്‍ വര്‍ധിപ്പിക്കുകയും ചെയ്തു. ബലോച് ലിബറേഷന്‍ ആര്‍മിയെ അമേരിക്ക ആദ്യമേ നിരോധിച്ചതാണ്. 2019 ഡിസംബറില്‍ പാകിസ്ഥാന്‍ സൈന്യത്തിന് അമേരിക്കയില്‍ നല്‍കുന്ന പരിശീലനം ട്രംപ് സര്‍ക്കാര്‍ പുനരാരംഭിച്ചു. ഇതെല്ലാം തന്നെ ഇന്ത്യക്ക് തന്ത്രപരമായ പ്രശ്‌നങ്ങളായി മാറുന്നു. ദോഹയില്‍ എന്താണ് സംഭവിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാമെന്നാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ജയശങ്കര്‍ പറഞ്ഞത്. അഫ്ഗാനിസ്ഥാനില്‍ തങ്ങള്‍ നേടിയത് വിട്ടുകളയാതിരിക്കാന്‍ യുഎസ് ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 2018-ല്‍ തുടക്കം കുറിച്ച തപി (തുര്‍ക്കി മെനിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍-ഇന്ത്യ) വാതക പൈപ്പ് ലൈനിനും വരും കാലങ്ങളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. തുര്‍ക്കി മെനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് മുടക്കം കൂടാതെ വാതകം എത്തിക്കുവാന്‍ സഹായകരമാവുന്ന ഈ പദ്ധതി പണം നല്‍കലിന്‍റെയും സുരക്ഷയുടേയും പ്രശ്‌നങ്ങള്‍ നേരിടുവാനുള്ള സാധ്യതയുണ്ട്. ഈ പദ്ധതിയില്‍ നിന്നും 400 മില്ല്യന്‍ യുഎസ് ഡോളര്‍ വിതരണ ഫീസായി അഫ്ഗാനിസ്ഥാനിന് ലഭിക്കും. ഹെരാത്ത്, കാന്തഹാര്‍ എന്നിങ്ങനെയുള്ള താലിബാന്‍ സ്വാധീന പ്രദേശങ്ങളിലൂടെ കടന്നുപോകുന്നതാണ് ഈ പൈപ്പ് ലൈന്‍. താലിബാനെ പ്രകോപിപ്പിച്ച് ഇന്ത്യയെ പ്രശ്‌നങ്ങളില്‍ ആഴ്ത്താന്‍ പാകിസ്ഥാന് കഴിഞ്ഞേക്കും. പദ്ധതിയില്‍ നിന്നുള്ള ഫണ്ടുകള്‍ താലിബാന്‍ എങ്ങനെ വിനിയോഗിക്കും എന്നുള്ളതിനെ കുറിച്ചും വ്യാപകമായ ഉല്‍കണ്ഠയുണ്ട്.
അഫ്ഗാനിസ്ഥാനില്‍ നിന്നും ഐഎസ്ഐയാല്‍ പ്രചോദിതരായ ഭീകരര്‍ കശ്മീരില്‍ എത്തുമെന്നുള്ള ഭീഷണിയും നിലനില്‍ക്കുന്നു. അമേരിക്കയുടെ നിരീക്ഷണം ഉണ്ടായിട്ടു പോലും ലോകത്തെ 90 ശതമാനം ഓപ്പിയവും അഫ്ഗാനിസ്ഥാനിലാണ് വിളവെടുക്കുന്നത്. വെറുമൊരു സമാധാന കരാറിന്‍റെ പേരില്‍ ഓപ്പിയം കൃഷിയിലൂടെ ലഭിക്കുന്ന വരുമാനത്തിന്‍റെ സ്വാദറിഞ്ഞവര്‍ അത് വേണ്ടെന്ന് വെക്കുവാന്‍ തയ്യാറാകുമോ എന്ന കാര്യം സംശയമാണ്. വര്‍ധിച്ചു വരുന്ന മയക്കു മരുന്ന് ഭീകരത കശ്മീരിലും പഞ്ചാബിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കശ്മീരിലെ ഭീകര സംഘങ്ങളുടെ മുഖ്യ വരുമാനവും മയക്കുമരുന്ന് കടത്തിലൂടെയാണ് ലഭിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരുമായുള്ള ഇന്ത്യയുടെ അടുപ്പം പാകിസ്ഥാനാല്‍ പ്രചോചിതമായിട്ടുള്ള താലിബാന് അത്ര രസിക്കുന്ന കാര്യമല്ല. പാര്‍ലമെന്‍റ് ബില്‍ഡിങ്ങുകൾ, സ്‌കൂളുകള്‍, അണക്കെട്ടുകള്‍, റോഡുകള്‍ തുടങ്ങി 36-ല്‍ അധികം നിര്‍ണായക പദ്ധതികള്‍ ഇന്ത്യ അഫ്ഗാനില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മറ്റ് നിരവധി പദ്ധതികള്‍ പൂര്‍ത്തിയാവലിന്‍റെ വ്യത്യസ്‌ത ഘട്ടങ്ങളിലുമാണ്. ഇക്കാരണത്താലാണ് ഇന്ത്യന്‍ എംബസികള്‍ക്കും പദ്ധതികള്‍ക്കും നേരെ താലിബാന്‍ പലവട്ടം ആക്രമണം അഴിച്ചു വിട്ടത്. ഈ പദ്ധതികളില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരെ അവര്‍ തട്ടിക്കൊണ്ടു പോവുകയുണ്ടായി. യുഎസ് സേനയുടെ പിന്‍മാറ്റം വരെ താലിബാന്‍ മിണ്ടാതിരിക്കുമെങ്കിലും യുഎസ് രംഗത്ത് നിന്നും വിട വാങ്ങിയാല്‍ ഉടന്‍ അവര്‍ ഇന്ത്യയെ ലക്ഷ്യം വെച്ചു തുടങ്ങും. നിലവില്‍ മനുഷ്യാവകാശങ്ങള്‍, സ്ത്രീകളുടെ അന്തസ്, നല്ല ഭരണം അല്ലെങ്കില്‍ ജനാധിപത്യം എന്നിവയെ കുറിച്ചൊന്നും കരാര്‍ നടപ്പാക്കുന്നതു സംബന്ധിച്ചുള്ള താലിബാനുള്ള വ്യവസ്ഥകളില്‍ പരാമര്‍ശിക്കുന്നില്ല. അഫ്ഗാനിസ്ഥാന്‍റെ സുരക്ഷയെ പൂര്‍ണമായും അവഗണിച്ചു കൊണ്ടും അവിടുത്തെ ജനങ്ങളെ പടുകുഴിയിലേക്ക് തള്ളിവിട്ടുകൊണ്ടും ട്രംപ് തന്‍റെ സ്വന്തം കാര്യം നോക്കി പോയി. സിറിയയില്‍ സംഭവിച്ചപോലെ തന്നെ.
ഭരിക്കുന്ന സര്‍ക്കാരില്‍ നിലവിലുള്ള രാഷ്ട്രീയ അസ്ഥിരതയും ഇപ്പോള്‍ യുഎസ് താലിബാനുമായി കൈകോര്‍ത്തതും ചേരുമ്പോള്‍ പ്രതിസന്ധിയുടെ കരിമേഘങ്ങള്‍ വലിയ താമസമില്ലാതെ ഉരുണ്ടു കൂടാന്‍ കാത്തിരിക്കുകയാണ്. 18 മാസങ്ങള്‍ നീണ്ട് ചര്‍ച്ചകള്‍ക്കും നാടകീയമായ സംഭവ വികാസങ്ങള്‍ക്കും ശേഷവും അമേരിക്കയോ അതിന്‍റെ സഖ്യ കക്ഷികളോ നിര്‍ണായകമായ ഒന്നും തന്നെ നേടിയിട്ടില്ല. മാര്‍ച്ച് 10ന് മുമ്പ് 5000 താലിബാന്‍ ഭീകരരെ അഫ്ഗാന്‍ സര്‍ക്കാര്‍ ജയിലില്‍ നിന്നും മോചിപ്പിക്കേണ്ടതുണ്ട്. താലിബാന്‍ തങ്ങളുടെ പിടിയിലുള്ള 1000 പൗരന്മാരേയും വിട്ടയക്കേണ്ടതുണ്ട്. കരാര്‍ പ്രകാരമുള്ള കാര്യങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ വിട്ടയക്കപ്പെട്ട തടവു പുള്ളികള്‍ തയ്യാറാവേണ്ടതുണ്ട്. അഫ്ഗാന്‍ സര്‍ക്കാരുമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം ബാക്കിയുള്ള താലിബാന്‍ തടവു പുള്ളികളെ അടുത്ത മൂന്ന് മാസത്തിനുള്ളിലും വിട്ടയക്കണം. കരാറിലെ ഒരു ഘടകമാണ് ഇത്. ഈ താലിബാന്‍ ഭീകരരെയെല്ലാം അഫ്ഗാന്‍ സര്‍ക്കാരാണ് തടവിലാക്കിയിരിക്കുന്നത്. പക്ഷെ കരാര്‍ ചര്‍ച്ചയുടെ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ പങ്കാളികളായിട്ടില്ല എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. അമേരിക്കയും താലിബാനും തമ്മില്‍ മാത്രം നടന്നതാണ് ഈ ചര്‍ച്ചകള്‍ ഒക്കെയും. അതിനാല്‍ തന്നെ തടവു പുള്ളികളെ വിട്ടയക്കുന്ന കാര്യത്തില്‍ ചോദ്യമുയരുന്നു. അഫ്ഗാന്‍ സര്‍ക്കാരിലെ നേതാക്കളുമായി ആഭ്യന്തര ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാത്തിടത്തോളം കാലം തങ്ങള്‍ ഒരു തടവു പുള്ളിയെ പോലും വിട്ടയക്കാന്‍ പോകുന്നില്ലെന്ന് പ്രസിഡന്‍റ് അഷ്റഫ് ഗനി ഇവിടെ വ്യക്തമാക്കി കഴിഞ്ഞു.