ന്യൂയോർക്ക്: കൊവിഡ് ഗവേഷണങ്ങള്‍ക്കായി 250 മില്യണ്‍ ഡോളര്‍ കൂടി സംഭാവന ചെയ്ത് ബില്‍ ഗേറ്റ്സിന്‍റെ ബില്‍ ആന്‍ഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ. കൊവിഡ് മരുന്ന് ഗവേഷണം, വിതരണം, ചികിത്സ, ചികിത്സാ ഉപകരങ്ങളുടെ ചിലവ് എന്നിവയിലേക്കാണ് ബില്‍ ഗേറ്റ്സിന്‍റെ സംഭാവന. 1.75 ബില്യണ്‍ ഡോളറാണ് ഇതുവരെ ബില്‍ ഗേറ്റ്സ് സംഭാവന ചെയ്തത്.
കൊവിഡ് പ്രതിരോധത്തിന് 250 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്ത് ബില്‍ ഗേറ്റ്സ്
1.75 ബില്യണ്‍ ഡോളറാണ് ഇതുവരെ ബില്‍ ആന്‍ഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ സംഭാവന ചെയ്തത്
2021 ൽ ലോകം മെച്ചപ്പെടുമെന്ന് ഉറപ്പുണ്ടെന്ന് മെലിന്‍ഡ ഗേറ്റ്സ് പറഞ്ഞു. എന്നാല്‍ അത് പൂര്‍ണമായും യാഥാര്‍ഥ്യമാകണമെങ്കില്‍ ലോകനേതാക്കളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണ്. കൊവിഡ് പരിശോധനകൾ, ചികിത്സകൾ, വാക്സിനുകൾ എന്നിവ കൃത്യമായി വിതരണം ചെയ്യപ്പെടേണ്ടതുണ്ട്. അത് ഉറപ്പുവരുത്തണം. സമൂഹത്തിലെ എല്ലാ തരം ആളുകളിലേക്കും കൊവിഡ് പ്രതിരോധ സംവിധാനങ്ങള്‍ എത്തേണ്ടതുണ്ടെന്നും മെലിൻഡ ഗേറ്റ്സ് പറഞ്ഞു.
ടെസ്റ്റുകൾ, ചികിത്സകൾ, വാക്സിനുകൾ എന്നിവ വികസിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഫൗണ്ടേഷൻ പിന്തുണ നല്‍കും. അവികസിത രാജ്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നതെന്നും ഫൗണ്ടേഷൻ അധികൃതര്‍ വ്യക്തമാക്കി. പ്രതീക്ഷിച്ചതിലും കൂടുതൽ മരുന്നുകളും കൂടുതൽ പ്രതിരോധ കുത്തിവയ്പ്പുകളും നമുക്ക് കണ്ടെത്താനായി. എന്നാൽ ഈ കണ്ടുപിടുത്തങ്ങൾ ജനങ്ങളിലേക്ക് കൃത്യമായി എത്തിയാല്‍ മാത്രമേ ജീവൻ രക്ഷിക്കാനാകുകയുള്ളുവെന്ന് ബിൽ ഗേറ്റ്സ് പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരുകള്‍ക്ക് പിന്തുണയുമായി കൂടുതല്‍ ബഹുരാഷ്ട്ര കമ്പനികള്‍ രംഗത്തെത്തണമെന്നും ബില്‍ ഗേറ്റ്സ് അഭ്യര്‍ഥിച്ചു.