വാഷിങ്‌ടൺ: കസ്റ്റഡിയിലെടുക്കുന്നതിനിടയിലെ പൊലീസുകാരന്‍റെ കൊടുക്രൂരതയില്‍ അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരന് ദാരുണാന്ത്യം. അമേരിക്കയിലെ മിനസോട്ടയിലെ മിനിയ പൊലിസിലാണ് തിങ്കളാഴ്‌ച ജോര്‍ജ് ഫ്ലോയിഡ് (46) എന്ന യുവാവ് കൊല്ലപ്പെട്ടത്. പൊലീസ് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് വിവിധ ഭാഗങ്ങളില്‍ ഉയരുന്നത്.
ഒരു കടയിലുണ്ടായ അക്രമസംഭവം അന്വേഷിക്കാനെത്തിയ പൊലീസുകാരായിരുന്നു നിരായുധനായ യുവാവിന്‍റെ കഴുത്തില്‍ കാല്‍ മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയത്. പൊലീസ് കാറിന് സമീപം വച്ച് റോഡില്‍ കിടത്തിയ ശേഷമായിരുന്നു യുവാവിനോട് അമേരിക്കന്‍ പൊലീസിന്‍റെ അതിക്രമം. ശ്വാസം മുട്ടുന്നുവെന്ന് കേണ് അപേക്ഷിച്ചിട്ടും ജോര്‍ജ് ഫ്ലോയിഡിന്‍റെ കഴുത്തില്‍ നിന്ന് കാല്‍മുട്ട് എടുക്കാന്‍ പൊലീസുകാരന്‍ തയ്യാറായില്ല. സമീപത്തുണ്ടായിരുന്നവര്‍ വീഡിയോയും ചിത്രങ്ങളുമെടുത്തതോടെയാണ് പൊലീസ് അതിക്രമം പുറത്ത് വന്നത്. റെസ്റ്ററന്‍റില്‍ സെക്യൂരിറ്റിയായി ജോലി ചെയ്‌തിരുന്നയാളാണ് ജോര്‍ജ്. സ്ഥലത്തെ പരചരക്ക് കടയിലുണ്ടായ അക്രമസംഭവുമായി ബന്ധപ്പെട്ടെത്തിയപ്പോൾ ജോര്‍ജിനെ കണ്ട് തെറ്റിധരിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.