വാഷിങ്‌ടൺ :ആണവായുധങ്ങളുടെ ഉപയോഗം ഒഴിവാക്കാനും ആണവ യുദ്ധം തടയാനും പരസ്പര ധാരണയിലെത്തിയതായി അറിയിച്ച് ചൈന, ഫ്രാൻസ്, റഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങൾ. അണ്വായുധ രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധം ഒഴിവാക്കലും തന്ത്രപരമായ അപകടസാധ്യതകൾ കുറയ്ക്കലും തങ്ങളുടെ പ്രധാന ഉത്തരവാദിത്തമായി കണക്കാക്കുന്നുവെന്ന് അഞ്ച് രാജ്യങ്ങളുടെ നേതാക്കൾ ആദ്യമായി പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ പ്രഖ്യാപിച്ചു.
ആണവയുദ്ധം ഒരിക്കലും ജയിക്കാനാവില്ലെന്നും അത് ഉണ്ടാകില്ലെന്നും ഞങ്ങൾ ഉറപ്പുനൽകുന്നുവെന്ന് അഞ്ച് രാജ്യങ്ങളുടെയും നേതാക്കൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ആണവ ഉപയോഗം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാൽ, അവ നിലനിൽക്കുന്നിടത്തോളം കാലം പ്രതിരോധ ആവശ്യങ്ങൾക്കും ആക്രമണം തടയുന്നതിനും യുദ്ധം പിന്തിരിപ്പിക്കുന്നതിനും മാത്രം പ്രയോഗിക്കും.
യുഎൻ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗങ്ങൾ കൂടിയായ ഈ അഞ്ച് രാജ്യങ്ങൾ, ഇത്തരം ആയുധങ്ങൾ വ്യാപിക്കുന്നത് തടയണമെന്നതിൽ ശക്തമായി വിശ്വസിക്കുന്നുവെന്നും പറഞ്ഞു.ആണവ ഭീഷണികളെ അഭിമുഖീകരിക്കേണ്ടതിന്‍റെ പ്രാധാന്യം ആവർത്തിച്ചുറപ്പിച്ച രാഷ്ട്രങ്ങൾ, തങ്ങളുടെ ഉഭയകക്ഷി, ബഹുരാഷ്ട്രങ്ങൾ തമ്മിലുള്ള നിർവ്യാപനം, നിരായുധീകരണം, ആയുധ നിയന്ത്രണ കരാറുകൾ, പ്രതിബദ്ധതകൾ എന്നിവ സംരക്ഷിക്കുകയും പാലിക്കുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു.