ഹൈദരാബാദ്: പെണ്‍കുട്ടികളെ അന്യായമായി തടങ്കലില്‍ വച്ച കേസില്‍ ഗുജറാത്ത് പൊലീസ് തിരയുന്ന ആള്‍ദൈവം നിത്യാനന്ദ ഇക്വഡോറില്‍ സ്വകാര്യ ദ്വീപ് വാങ്ങി സ്വന്തം 'രാജ്യം' സ്ഥാപിച്ചെന്ന റിപ്പോര്‍ട്ട് തള്ളി ഇക്വഡോര്‍ സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് നിത്യനന്ദ ഇക്വഡേറിലെ ഒരു ദ്വീപ് വാങ്ങിയെന്നും 'കൈലാസ' എന്ന രാജ്യത്തിന് രൂപം നല്‍കിയെന്നുമുള്ള വാര്‍ത്ത പുറത്തുവന്നത്. കരീബിയന്‍ ദ്വീപ സമൂഹത്തിലെ ട്രിനിഡാഡ് ആന്‍റ് ടുബാക്കോയ്ക്ക് സമീപമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ദ്വീപ്. അഭയാര്‍ഥിയായി പരിഗണിക്കണമെന്ന നിത്യാനന്ദയുടെ ആവശ്യം തങ്ങള്‍ സ്വീകരിച്ചില്ലെന്നും പിന്നാലെ രാജ്യം വിട്ട നിത്യാനന്ദ നിലവില്‍ ഹെയ്‌ത്തിയിലുണ്ടാകാനാണ് സാധ്യതയെന്നും ഇക്വഡോര്‍ ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്വഡോറില്‍ നിത്യാനന്ദയുടെ 'കൈലാസ' രാജ്യം; റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇക്വഡോര്‍ - നിത്യാനന്ദ
ഒളിവിലുള്ള നിത്യാനന്ദ ഹെയ്‌ത്തിയിലുണ്ടാകാനാണ് സാധ്യതയെന്നാണ് ഇക്വഡോര്‍. അഭയാര്‍ഥിയായി പരിഗണിക്കണമെന്ന നിത്യാനന്ദയുടെ ആവശ്യം തങ്ങള്‍ നിരാകരിച്ചെന്നും പിന്നീട് ഇയാള്‍ രാജ്യം വിട്ടെന്നും ഇക്വഡോര്‍ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സ്‌മിത ശര്‍മ തയാറാക്കിയ റിപ്പോര്‍ട്ട്
അതേസമയം കൈലാസ എന്ന് പേരിട്ട് നിത്യാനന്ദ സ്ഥാപിച്ച രാജ്യത്തെക്കുറിച്ച് ഇപ്പോഴും അവ്യക്‌തത നിലനില്‍ക്കുകയാണ്. മഹത്തായ ഹിന്ദു രാഷ്ട്രമാണ് ഇതെന്ന് പറയുന്ന നിത്യാനന്ദ ഹിന്ദുധര്‍മ്മം ആചരിച്ച് ഞങ്ങളുടെ ദൗത്യത്തിനൊപ്പം ചേരുന്ന ആര്‍ക്കും ഇവിടെ പൗരന്മാരാകാം എന്നും പറയുന്നു. കൈലാസ അതിര്‍ത്തികള്‍ ഇല്ലാത്ത രാജ്യമാണെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസവും ഭക്ഷണവും സൗജന്യമായിരിക്കുമെന്നും നിത്യാനന്ദ പ്രഖ്യാപിച്ചിരുന്നു. രാജ്യം പ്രഖ്യാപിച്ചതിന് പിന്നാലെ പതാകയും പാസ്പോര്‍ട്ടും പുറത്തിറക്കി. രണ്ട് തരം പാസ്പോര്‍ട്ടാണ് പുറത്തിറക്കിയത്. കൈലാസ എന്ന വെബ്‌സൈറ്റിലാണ് ഈ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 2018 സെപ്‌റ്റംബറില്‍ നിത്യാനന്ദയുടെ പാസ്‌പോര്‍ട്ടിന്‍റെ കാലാവധി അവസാനിച്ചിരുന്നു. പുതുക്കി നല്‍കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടതുമില്ല. അതിനാല്‍ത്തന്നെ വ്യാജ പാസ്‌പോര്‍ട്ടിലാണ് ഇയാള്‍ രാജ്യം വിട്ടതെന്നാണ് പൊലീസ് നിഗമനം. നാല് കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും അന്യായമായി തടങ്കലില്‍ വച്ചതിനുമാണ് തമിഴ്‌നാട് സ്വദേശിയായ ആള്‍ദൈവം നിത്യാനന്ദക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിന്‍റെ പ്രവര്‍ത്തനത്തിനായി അനുയായികളില്‍ നിന്ന് സംഭാവനകള്‍ ശേഖരിക്കാനായാണ് നിത്യാനന്ദ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.