ജാക്‌സണ്‍: യുഎസിന്‍റെ തെക്കൻ സംസ്ഥാനങ്ങളായ മിസിസിപ്പിയിലും ലൂസിയാനയിലും ശക്തമായ ചുഴലിക്കാറ്റ്. ഞായറാഴ്ച വീശിയടിച്ച ചുഴലിക്കാറ്റിലും മഴയിലും മിസിസിപ്പിയിൽ ആറ് പേർ മരിച്ചു. ലൂസിയാനയിൽ നൂറുകണക്കിന് കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലൂസിയാനയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് മണ്‍റോ നഗരത്തിലാണ്. മണ്‍റോയില്‍ മാത്രം 200 ൽ അധികം വീടുകള്‍ തകര്‍ന്നു. എയർപോർട്ട് റൺവേകളിൽ വെള്ളം കയറിയതിനാൽ നിരവധി വിമാനങ്ങൾ റദ്ദാക്കി.
യുഎസിന്റെ തെക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ ചുഴലിക്കാറ്റ്; ആറ് പേർ മരിച്ചു - ചുഴലിക്കാറ്റ്
മിസിസിപ്പി, ലൂസിയാന എന്നീ സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്
വാൾത്താൽ, ലോറൻസ്, ജെഫേഴ്സൺ ഡേവിസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചതെന്ന് മിസിസിപ്പി എമർജൻസി മാനേജ്‌മെന്റ് ഏജൻസി ഡയറക്ടർ ഗ്രെഗ് മൈക്കൽ പറഞ്ഞു. മിസിസിപ്പിയുടെ തലസ്ഥാനമായ ജാക്സണിൽ നിന്നും ഒരു മണിക്കൂർ യാത്ര മാത്രമാണ് ഇവിടങ്ങളിലേക്ക് ഉള്ളത്. മിസിസിപ്പിലെ ഒട്ടുമിക്ക ഭാഗങ്ങളിലും ശക്തമായ ചുഴലിക്കാറ്റ് വീശിയതായി നാഷണൽ വെതർ സർവീസ് അറിയിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവർണർ ടേറ്റ് റീവ്സ് ട്വീറ്റ് ചെയ്തു. ഈ അവസരത്തിൽ ആരും തന്നെ ഈസ്റ്റർ ആഘോഷിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും റീവ്സ് ട്വിറ്ററിൽ കുറിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് പലയിടത്തും വൈദ്യുതി മുടങ്ങി. ലൂസിയാനയിലെ ഡിസോട്ടോ, വെബ്‌സ്റ്റർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വീടുകൾ തകർന്നത്. അലബാമ, ജോർജിയ സംസ്ഥാനങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.