ഒസാമ ബിൻ ലാദന്‍റെ മകന്‍റെ മരണം സ്ഥിരീകരിച്ച് ട്രംപ് - അൽ-ഖ്വയ്‌ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്‍റെ മകൻ കൊല്ലപ്പെട്ടു
രണ്ട് വർഷം മുമ്പ് അമേരിക്ക നടത്തിയ ഓപ്പറേഷനില്‍ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടുവെന്ന് യുഎസ് മാധ്യമങ്ങൾ ഓഗസ്റ്റ് മാസം റിപ്പോർട്ട് ചെയ്തിരുന്നു.

വാഷിംഗ്‌ടൺ: അൽ-ഖ്വയ്‌ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്‍റെ മകനും നിയുക്ത അവകാശിയുമായ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. അഫ്‌ഗാനിസ്ഥാൻ- പാകിസ്ഥാൻ അതിർത്തിയിൽ നടന്ന ഭീകരവിരുദ്ധ പ്രവർത്തനത്തിലാണ് ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടത്. “ഹംസ ബിൻ ലാദന്‍റെ നഷ്ടം അൽ-ഖ്വയ്‌ദയുടെ നേതൃത്വ നൈപുണ്യവും ഒസാമയുമായുള്ള പിതൃസ്നേഹവും മാത്രമല്ല, ഗ്രൂപ്പിന്‍റെ സുപ്രധാന പ്രവർത്തനങ്ങളിലും വലിയ നഷ്‌ടമാണുണ്ടായതെന്ന്,” വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ ട്രംപ് പറഞ്ഞു.
രണ്ട് വർഷം മുമ്പ് അമേരിക്ക നടത്തിയ ഓപ്പറേഷനിൽ ബിൻ ലാദന്‍റെ മകൻ കൊല്ലപ്പെട്ടുവെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ യുഎസ് മാധ്യമങ്ങൾ ഓഗസ്റ്റ് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതിരോധ സെക്രട്ടറി, മാർക്ക് എസ്‌പർ കഴിഞ്ഞ മാസാവസാനം മരണം സ്ഥിരീകരിച്ചു, എന്നാൽ ട്രംപും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഈ വാർത്ത പരസ്യമായി അംഗീകരിച്ചില്ല. 30 വയസ്സ് പ്രായമുള്ള ഹംസ, ഒസാമ ബിൻ ലാദന്‍റെ മൂന്നാമത്തെ ഭാര്യയിലെ മകനും 20 മക്കളിലെ പതിനഞ്ചാമനുമാണ്. 2019 ഫെബ്രുവരിയിൽ അദ്ദേഹത്തിന്‍റെ തലയ്ക്ക് ഒരു മില്യൺ ബൗണ്ടി ചുമത്തിയിരുന്നു. അൽ-ഖ്വയ്‌ദ ഫ്രാഞ്ചൈസിയുടെ നേതാവായി ഉയർന്നുവരികയായിരുന്നു ഹംസ ബിൻ ലാദനെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് റിപ്പോർട്ടുകൾ പറയുന്നു.