വാഷിങ്ടണ്‍: ഇന്ത്യയിലെ മത സ്വാതന്ത്ര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. ഭരണകൂടത്തിന്‍റെ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകളും, അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിയ്ക്കുന്നതും ന്യൂനപക്ഷങ്ങളോടുള്ള മതപരമായ വിവേചനവും ഒറ്റപ്പെട്ട സംഭവമായി കരുതാനാകില്ലെന്ന് ഭരണകക്ഷിയായ ഡെമോക്രാറ്റിന്‍റെ നിയമസഭാംഗങ്ങള്‍ പറഞ്ഞു.
അന്താരാഷ്ട്ര മത സ്വാതന്ത്യ ഉച്ചകോടിയോടനുബന്ധിച്ച് ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ സംഘടിപ്പിച്ച 'ഇന്ത്യയിലെ മതസ്വാതന്ത്യം, വെല്ലുവിളികളും അവസരങ്ങളും' എന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു പരാമര്‍ശം.
ദേശീയത വാദം ജനാധിപത്യത്തിന് ഭീഷണി
ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ചും 200 ദശലക്ഷം വരുന്ന ഇന്ത്യയിലെ മുസ്ലീമുകളുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കുന്നതില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ പ്രതിബദ്ധതയെ കുറിച്ച് ആശങ്കയുണ്ടെന്ന് സെനറ്റര്‍ എഡ് മര്‍ക്കീ പറഞ്ഞു. ബഹുസ്വരതയോട് എക്കാലവും പ്രതിബദ്ധത പുലര്‍ത്തിയിട്ടുള്ള ഇന്ത്യയില്‍ ഇന്ന് വര്‍ധിച്ചുവരുന്ന ദേശീയത വാദം ജനാധിപത്യ മൂല്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.