വാഷിങ്ടൺ:അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സംവാദത്തിനിടെഇന്ത്യയുടെ വായുമലിനീകരണത്തെ വിമർശിച്ച ഡൊണാൾഡ് ട്രംപിന് മറുപടി നൽകി ഇന്ത്യയുമായുള്ള സൗഹൃദം താനും തന്‍റെ ഒപ്പം മത്സരിക്കുന്ന കമലാ ഹാരിസും വിലമതിക്കുന്നെന്ന് ജോ ബൈഡൻ.
''ഇന്ത്യയിലേക്കു നോക്കൂ, അതു മലിനമാണ്. വായു മലിനമാണ്'' എന്നായിരുന്നു ഡൊണാൾഡ് ട്രംപിന്‍റെ പരാമര്‍ശം. എന്നാൽ സുഹൃത്തുക്കളെ അങ്ങനെ അല്ല അഭിസംബോധന ചെയ്യണ്ടതെന്നും കാലാവസ്ഥ വ്യത്യാനംപോലുള്ള ആഗോള പ്രശ്‌നങ്ങളെ ഇങ്ങനെയല്ല പരിഹരിക്കേണ്ടതെന്നും ബൈഡൻ ട്വിറ്ററിൽ കുറിച്ചു.
ഒബാമ-ബൈഡൻ ഭരണവർഷങങ്ങളിൽ രണ്ട് രാജ്യങ്ങൾക്കിടയിലുമുള്ള സൗഹൃദം ഏറ്റവും മികച്ചതായിരുന്നെന്നും, ബൈഡൻ-ഹാരിസ് ഭരണകൂടം ആ മഹത്തായ സൗഹൃദത്തെ വളർത്തിയെടുക്കുകയും ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യുകയും, ഇരു രാജ്യങ്ങളും സ്വാഭാവിക സഖ്യകക്ഷികളാകണമെന്നും എത്നിക് ഇന്ത്യ വെസ്റ്റ് വീക്‌ലിയുടെ ഓപ്-എഡ് റിട്വിറ്റ് ചെയ്‌തുകൊണ്ട് അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഇന്ത്യയും ഭീകരതക്കെതിരെ എല്ലാവിധത്തിലും ഒന്നിച്ച് നിലകൊള്ളുകയും ചൈനയോ മറ്റേതെങ്കിലും രാജ്യമോ അയൽക്കാരെ ഭീഷണിപ്പെടുത്താത്ത സമാധാനത്തിന്‍റെയും സുസ്ഥിരതയുടെയും മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേർത്തു. അമേരിക്കയിലും ഇന്ത്യയിലും തങ്ങൾ വിപണികൾ തുറക്കുകയും മധ്യവർഗത്തെ വളർത്തുകയും കാലാവസ്ഥാ വ്യതിയാനം, ആഗോള ആരോഗ്യം, അന്തർദേശീയ ഭീകരത, ആണവ വ്യാപനം എന്നിവ പോലുള്ള മറ്റ് അന്താരാഷ്ട്ര വെല്ലുവിളികളെ ഒരുമിച്ച് നേരിടുകയും ചെയ്യുമെന്നും ബൈഡൻ ട്വിറ്ററിൽ കുറിച്ചു.