കൊവിഡിന്‍റെ ഒന്നാം തരംഗം ബ്രിട്ടണില്‍ ആഞ്ഞടിച്ച കാലം. ദിനംപ്രതി നൂറുകണക്കിനാളുകള്‍ മരിച്ചുവീണ, കൊവിഡ് അതിന്‍റെ സംഹാര രൂപത്തിന്‍റെ മൂർത്തീഭാവം പുറത്തെടുത്ത കാലം. സഹായത്തിനായി ബ്രിട്ടണ്‍ ലോക രാജ്യങ്ങളുടെ നേരെ കൈകകള്‍ നീട്ടിയപ്പോള്‍ എല്ലാവരെയും ഞെട്ടിച്ച് ക്യൂബ എന്ന തെക്കേ അമേരിക്കൻ രാജ്യത്ത് നിന്ന് ഒരു സംഘം ഡോക്‌ടർമാർ ബ്രിട്ടണിലേക്കെത്തി. ലോകമാകെ ക്യൂബയെ പുകഴ്‌ത്തി. കൊവിഡിനെതിരായ ആ രാജ്യത്തിന്‍റെ പോരാട്ടത്തെ ലോകം വാഴ്‌ത്തി.
എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം ക്യൂബയിലെ സ്ഥിതി ഗുരുതരമാണ്. കൊവിഡ് ബാധിച്ച ലോകത്തെ ചികിത്സിച്ച ക്യൂബയിലെ ആരോഗ്യ രംഗം പരിതാപകരമായ അവസ്ഥയിലാണ്. കൊവിഡ് കേസുകള്‍ ദിനംപ്രതി വർധിക്കുകയാണ്. വാക്‌സിൻ ഇന്നും ഒരു സ്വപ്‌നമായി അവശേഷിക്കുന്നു. കൊവിഡില്‍ തകർന്ന രാജ്യത്തെ സാമ്പത്തിക രംഗം ഭക്ഷ്യക്ഷാമത്തിലേക്കും കടന്നിരിക്കുകയാണ്. പട്ടിണിയിലായ ജനങ്ങള്‍ പ്രതിഷേധം ആരംഭിച്ചു.
അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കാൻ ആരംഭിച്ച സമരം ഇന്ന് ഒരു തരം സ്വാതന്ത്ര്യ സമരത്തിലേക്ക് മാറിയിരിക്കുകയാണ്. ആറ് പതിറ്റാണ്ടിലേറെയായി രാജ്യത്തുള്ള കമ്യൂണിസ്റ്റ് ഭരണത്തിനെതിരെ ജനവികാരം ശക്തപ്പെട്ടിരിക്കുകയാണ്. പട്ടിണിക്കും, കൊവിഡിനുമപ്പുറം ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യങ്ങളാണ് തെരുവില്‍ മുഴങ്ങുന്നത്.
പ്രതിഷേധങ്ങളുടെ തുടക്കം
സാൻ അന്‍റോണിയയിലാണ് സര്‍ക്കാർ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇവിടെ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളൂടെ പ്രചരിച്ചതോടെയാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജനങ്ങള്‍ തെരുവിലേക്കിറങ്ങി തുടങ്ങിയത്. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ സംഘടിപ്പിച്ച പൊതുപരിപാടികളില്‍ പ്രക്ഷോഭങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചതോടെ സമരത്തിനിറങ്ങുന്നവരുടെ എണ്ണം കൂടി.
പ്രശസ്‌ത ക്യൂബൻ സംഗീതജ്ഞൻ ലൂയിസ് മാനുവല്‍ ഒട്ടേറോയും സമരത്തിനെ അനുകൂലിച്ച് രംഗത്തെത്തിയതോടെ പ്രതിഷേധം ലോകശ്രദ്ധയാകർഷിച്ച് തുടങ്ങി. പ്രക്ഷോഭകരെ നേരിടാനായി പൊലീസിനൊപ്പം സൈന്യവും രംഗത്തെത്തിയിട്ടുണ്ട്. കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാര്‍ജും എല്ലാ ക്യൂബൻ തെരുവിലും നിത്യസംഭവമായി മാറിയിരിക്കുകയാണ്. പ്രതിഷേധങ്ങള്‍ നിയന്ത്രിക്കുന്നതിനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്‍റർനെറ്റ് സംവിധാനം ഞായറാഴ്ച ഉച്ച മുതല്‍ റദ്ദാക്കിയിരിക്കുകയാണ്.
'ചരിത്ര നിയോഗം'
ചരിത്രപരമായ സംഭവത്തിനാണ് തങ്ങള്‍ സാക്ഷ്യം വഹിക്കുന്നതെന്നാണ് സമരത്തിന് മുന്നിൽ നിൽക്കുന്ന ക്യൂബൻ ആക്‌ടിവിസ്റ്റുകള്‍ പറയുന്നത്. സാഹചര്യം ആകെ മാറിയിരിക്കുന്നു. ഇനിയൊരു തിരിച്ചുപോക്കില്ല. ഫലം എന്തായാലും ഈ സമരം രാജ്യത്തിന്‍റെ ഗതി മാറ്റും. സമരം ജയിച്ചാലും ഇല്ലെങ്കിലും കാര്യങ്ങള്‍ ഇനി പഴയപോലെ ആകില്ലെന്നും ആക്ടിവിസ്റ്റായ കരോലിന ബരേറോ പറയുന്നു
മിഗേല്‍ ഡൂയസ് കനേലിന്‍റെ പ്രതികരണം
സമരത്തെ അടിച്ചമർത്തുക എന്നതാണ് ക്യൂബന്‍ പ്രസിഡന്‍റ് മിഗേലിന്‍റെ നയം. പ്രതിഷേധക്കാരെ തെരുവില്‍ നേരിടാൻ മിഗേല്‍ പാര്‍ട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. ക്യൂബന്‍ - അമേരിക്കന്‍ മാഫിയയാണ് പ്രക്ഷോഭങ്ങള്‍ക്ക് പിന്നലെന്നാണ് മിഗേലിന്‍റെ ആരോപണം.