ന്യൂയോർക്ക്: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിക്കുന്നു. 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന എണ്ണവിലയാണ് നിലവിൽ. ആഗോള വിപണിയിലേക്ക് ഇറാനിയൻ ക്രൂഡിന്‍റെ തിരിച്ചുവരവിലുണ്ടാകുന്ന കാലതാമസവും യുഎസും യൂറോപ്യൻ സഖ്യകക്ഷികളും റഷ്യയിൽ നിന്നുള്ള എണ്ണയുടെ ഇറക്കുമതി നിരോധിക്കുന്ന കാര്യം പരിഗണിക്കുന്നതുമാണ് എണ്ണവില കുതിച്ചുയരാൻ കാരണം.
യുക്രൈൻ സംഘർഷത്തെ തുടർന്ന് ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ ടെഹ്‌റാനുമായുള്ള വ്യാപാരത്തെ ബാധിക്കില്ലെന്ന് യുഎസ് ഉറപ്പ് നൽകണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ലോകശക്തികളുമായുള്ള ഇറാന്‍റെ 2015ലെ ആണവ കരാർ നവീകരിക്കാനുള്ള ചർച്ചകൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ചൈനയും പുതിയ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ പറയുന്നു.
എന്നാൽ യുക്രൈൻ അധിനിവേശത്തിന്‍റെ പേരിൽ റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് ഇറാനുമായുള്ള ആണവ കരാറുമായി യാതൊരു ബന്ധവുമില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഞായറാഴ്‌ച പറഞ്ഞു. അതേസമയം, റഷ്യൻ എണ്ണയുടെ ഇറക്കുമതി നിരോധിക്കുന്നത് യുഎസിന്‍റെയും യൂറോപ്യൻ സഖ്യകക്ഷികളുടെയും പരിഗണനയിലുണ്ടെന്നും ആന്‍റണി ബ്ലിങ്കൻ പറഞ്ഞു.