വാഷിങ്ടണ്‍:നിയന്ത്രിക്കാനാകാതെ ആഗോളതലത്തില്‍ പടര്‍ന്നുപിടിക്കുകയാണ് കൊവിഡ് 19. വെള്ളിയാഴ്ച മാത്രം മൂവായിരത്തിലധികം പേര്‍ മരിച്ചതോടെ ലോകത്ത് വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 28,234 ആയി. ആകെ വൈറസ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് നിലവില്‍ അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള രാജ്യമായി അമേരിക്ക മാറി. ലോകത്താകെ ചികിത്സയിലുള്ള വൈറസ് ബാധിതരില്‍ നാലില്‍ ഒരാള്‍ അമേരിക്കയിലാണെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അതേസമയം ഇറ്റലില്‍ മരണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. മരണനിരക്കില്‍ ചൈനയെ മറികടന്ന സ്‌പെയിനിലും സ്ഥിതി ഗുരുതരമാണ്.
കൊവിഡില്‍ മരണം 28,234 കടന്നു; അമേരിക്കയില്‍ ഒരുലക്ഷം വൈറസ് ബാധിതര്‍ - കൊറോണ ലോകവാര്‍ത്ത
ലോകത്താകെ ചികിത്സയിലുള്ള വൈറസ് ബാധിതരില്‍ നാലില്‍ ഒരാള്‍ അമേരിക്കയിലാണ്. മരണനിരക്കില്‍ ചൈനയെ മറികടന്ന സ്‌പെയിനിലും സ്ഥിതി ഗുരുതരമാണ്.
9134 പേര്‍ക്കാണ് വൈറസ് ബാധിച്ച് ഇറ്റലില്‍ ജീവന്‍ നഷ്‌ടമായിരിക്കുന്നത്. ഇതില്‍ തൊള്ളായിരത്തോളം മരണം ഇന്നലെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തൊട്ടുപിന്നിലുള്ള സ്‌പെയിനില്‍ മരണസംഖ്യ 5138 ആയി. ഇതോടെ കൊവിഡ് മരണനിരക്കില്‍ ചൈനയെ മറികടക്കുന്ന രണ്ടാമത്തെ രാജ്യമായി സ്‌പെയിന്‍ മാറി. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള അമേരിക്കയില്‍ മരണസംഖ്യ 1701ആയി. ഫ്രാന്‍സിലും, ഇറാനിലും സ്ഥിതി ഗുരുതരമാണ്. ഫ്രാന്‍സില്‍ 1995 പേര്‍ മരിച്ചപ്പോള്‍, ഇറാനിലെ മരണസംഖ്യ 2378 ആയി. ബ്രിട്ടണില്‍ മരണം 759 കടന്നു. അമ്പതിനായിരത്തോളം രോഗികളുള്ള ജര്‍മനിയില്‍ 351 പേര്‍ മരിച്ചു. ഇന്നലത്തോടെ നെതര്‍ലന്‍ഡ്‌സിലും മരണം അഞ്ഞൂറ് കടന്നു. 546 പേരാണ് രാജ്യത്ത് ആകെ മരിച്ചിരിക്കുന്നത്.
നിലവില്‍ ആകെ 412976 പേരാണ് ആഗോളതലത്തില്‍ ചികിത്സയിലുള്ളത്. ഇതില്‍ 23,559 പേരുടെ നില അതീവഗുരുതരമാണ്. ഇതുവരെ 133,363 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. പല രാജ്യങ്ങളിലും വൈറസ് വ്യാപനം മൂന്നാം ഘട്ടത്തിലെത്തിയ സ്ഥിതിക്ക് വരും ദിവസങ്ങളിലും മരണ നിരക്ക് ഉയരുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.