ടൊറന്‍റോ:കാനഡയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ലോകത്താദ്യമായി വാക്‌സിന്‍ വിതരണം ചെയ്‌ത രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് കാനഡ. ഒന്‍റാറിയോയില്‍ നഴ്‌സിങ് ഹോമില്‍ ജോലി ചെയ്‌തിരുന്ന അനിത ക്വിഡാങ്കനാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. വാക്‌സിന്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് അനിത ക്വിഡാങ്കന്‍ പറഞ്ഞു. ഇതുവരെ 4,60,000 പേര്‍ക്കാണ് കാനഡയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
കാനഡയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു - കൊവിഡ് 19
ഒന്‍റാറിയോയിലെ നഴ്‌സിങ് ഹോമില്‍ ജോലി ചെയ്‌തിരുന്ന അനിത ക്വിഡാങ്കനാണ് ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്
കാനഡയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ കൂടുതല്‍ പേരും പ്രായമേറിയവരാണ്. മരിച്ച 13,340 പേരില്‍ 8460 പേരും പ്രായം ചെന്നവരാണ്. കൊവിഡ് വാക്‌സിനായി ഫൈസര്‍- ബയോണ്‍ടെക് കമ്പനിയുമായി കനേഡിയന്‍ സര്‍ക്കാര്‍ അടുത്തിടെ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. കമ്പനിയുമായി സഹകരിച്ച് 2,49,000 ഡോസുകള്‍ ഈ മാസം വിതരണം ചെയ്യുന്നതാണ്. മറ്റ് ആറ് വാക്‌സിന്‍ നിര്‍മാതാക്കളോടും കാനഡ കരാറിലേര്‍പ്പെട്ടിട്ടുണ്ട്.
മോഡേര്‍ണയടക്കം മൂന്ന് വാക്‌സിനുകള്‍ അവസാനഘട്ട വിലയിരുത്തലിലാണെന്ന് കനേഡിയന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഈ വാക്‌സിനുകള്‍ക്ക് എത്രയും വേഗം അനുമതി നല്‍കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കാനഡക്ക് പുറമെ ബ്രിട്ടനും യുഎസും കൊവിഡ് വാക്‌സിന്‍ വിതരണമാരംഭിച്ചിട്ടുണ്ട്. ഒന്‍റാറിയോ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം 1,940 കൊവിഡ് കേസുകളും 23 മരണവും റിപ്പോര്‍ട്ട് ചെയ്‌തു. കഴിഞ്ഞ ബുധനാഴ്‌ചയാണ് ഫൈസര്‍ വാക്‌സിന് കാനഡ അനുമതി നല്‍കിയത്. ഒന്‍റാറിയോയില്‍ ഞായറാഴ്‌ച 6,000 ഡോസ് വാക്‌സിനാണ് എത്തിയത്. 2,500 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യും. കെയര്‍ ഹോമുകളിലെ അന്തേവാസികള്‍ക്കും ഫൈസര്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതാണ്.