ഇന്ത്യന്‍ വംശജനായ യു.കെ എം.പിയെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു - ഇന്ത്യന്‍ വംശജനായ യു.കെ എം.പിയെ സസ്പെന്‍ഡ് ചെയ്തു
പുരുഷ ലൈംഗികത്തൊഴിലാളിക്ക് കൊക്കെയ്ന്‍ വാങ്ങി നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനാണ് സസ്പെന്‍ഷന്‍
ലണ്ടന്‍:ഇന്ത്യന്‍ വംശജനായ മുതിര്‍ന്ന എംപി കീത്ത് വാസിനെ യുകെ പാര്‍ലമെന്‍റ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. പുരുഷ ലൈംഗികത്തൊഴിലാളിക്ക് കൊക്കെയ്ന്‍ വാങ്ങി നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനാണ് സസ്പെന്‍ഷന്‍. കീത്ത് വാസിനെതിരെ പാര്‍ലമെന്‍റ് സ്റ്റാന്‍ഡിങ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് എംപിമാര്‍ അംഗീകരിക്കുകയായിരുന്നു. അന്വേഷണവുമായി എംപി സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുഃഖകരമായ ദിവസം എന്നാണ് റിപ്പോര്‍ട്ട് അംഗീകരിച്ച ലേബര്‍ പാര്‍ട്ടി പ്രതികരിച്ചത്. അനാരോഗ്യം മൂലം ആശുപത്രിയിലാണെന്നാണ് കീത്ത് വാസ് അറിയിച്ചിരിക്കുന്നത്.
2016-ല്‍ പുരുഷ ലൈംഗികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് കീത്ത് വാസിനെതിരെ പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകളാണ് സസ്‌പെന്‍ഷനിലേക്ക് എത്തിച്ചത്. അന്ന് പരസ്യമായി മാപ്പു പറഞ്ഞ എംപി പൊതുസഭയുടെ ആഭ്യന്തര വകുപ്പ് സമിതി മേധാവി സ്ഥാനം രാജിവച്ചിരുന്നു.
വാഷിങ് മെഷിന്‍ വില്‍പനക്കാരനെന്ന പേരില്‍ പുരുഷ ലൈംഗികത്തൊഴിലാളികളെ സമീപിച്ച കീത്ത് വാസ് അവര്‍ക്ക് കൊക്കയ്ന്‍ വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരുന്നത്. എന്നാല്‍ മറവിരോഗം ഉണ്ടെന്നും പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും കീത്ത് വാസ് അന്വേഷണ സമിതിയോടു വ്യക്തമാക്കി.
സ്വന്തം ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ വച്ച് കീത്ത് വാസ് റൊമേനിയക്കാരായ രണ്ട് ലൈംഗികത്തൊഴിലാളികളുമായി നടത്തിയ സംഭാഷണമാണ് വിവാദമായത്. ഇവര്‍ നടത്തിയ സംഭാഷണം റെക്കോര്‍ഡ് ചെയ്തു പുറത്തുവിട്ടിരുന്നു.