സൂക്ര: ബൊളീവിയൻ പ്രസിഡന്‍റ് ഇവോ മൊറേൽസ് രാജി പ്രഖ്യാപിച്ചു. ഗുരുതരമായ ക്രമക്കേടുകൾ കാരണം കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പ് ഫലം സാധൂകരിക്കാൻ കഴിയില്ലെന്ന് അന്താരാഷ്ട്ര ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇവോ മൊറേൽസിന്‍റെ ഞായറാഴ്ച നടന്ന രാജി പ്രഖ്യാപനം. പുതിയ തെരഞ്ഞെടുപ്പ് നടക്കുമെന്ന് വാഗ്‌ദാനം നൽകിയാണ് മൊറേൽസ് രാജി സമർപ്പിക്കുന്നത്. മൊറേൽസിന് തൊട്ടുപിന്നാലെ വൈസ് പ്രസിഡന്‍റ് അൽവാരോ ഗാർസിയ ലിനേറയും രാജി പ്രഖ്യാപിച്ചു.
ഒക്ടോബർ 20ന് നടന്ന തെരഞ്ഞെടുപ്പിനെ തുടർന്ന് നടന്ന പ്രതിഷേധങ്ങളിൽ മൂന്ന് പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. " ഞാൻ അതിയായി ഖേദിക്കുന്നു, അതിനാൽ രാജ്യത്തിന്‍റെ നന്മയ്ക്കായി സ്ഥാനമൊഴിയുകയാണ് ", മൊറേൽസ് പറഞ്ഞു. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്‍റെ രാജി കത്ത് കോൺഗ്രസിന് അയക്കുമെന്നും മൊറേൽസ് കൂട്ടിച്ചേർത്തു.