വാഷിങ്ടൺ: യുഎസ്എ ജിംനാസ്റ്റിക്സ് ടീം ഡോക്ടർ ലാറി നാസറിനെതിരെ ലൈംഗിക പീഡന ആരോപണവുമായി ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് സിമോൺ ബിൽസ്. താൻ ഉൾപ്പെടെയുള്ള നൂറ് കണക്കിന് സ്‌ത്രീകളെ ഡോക്‌ടർ ലാറി നാസർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും എഫ്‌ബിഐയും ജിംനാസ്റ്റിക്സ് ഉദ്യോഗസ്ഥരും പീഡനങ്ങൾക്കെതിരെ കണ്ണടച്ചതായും സിമോൺ ബിൽസിന്‍റെ വെളിപ്പെടുത്തൽ.
നാസറിന്‍റെ കുറ്റകൃത്യങ്ങൾ തങ്ങളുടെ ജീവിതത്തിൽ വരുത്തി വച്ച നാശനഷ്ടങ്ങളെ കുറിച്ച് ബിൽസും മറ്റ് മൂന്ന് യുഎസ് ജിീംനാസ്റ്റുകളും സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയോട് വെളിപ്പെടുത്തി. 2016ലെ ഒളിമ്പിക് ചാമ്പ്യനും അഞ്ച് തവണ ലോക ചാമ്പ്യനും എക്കാലത്തെയും മികച്ച ജിംനാസ്റ്റിക്കായും കണക്കാക്കപ്പെടുന്ന താരവുമാണ് സിമോൺ ബിൽസ്. ലാറി നാസറിനെയും അയാളുടെ ചൂഷണത്തിന് നേരെ കണ്ണടക്കുകയും ചെയ്ത മുഴുവൻ സംവിധാനത്തെയും കുറ്റപ്പെടുത്തുന്നുവെന്ന് ബിൽസ് അറിയിച്ചു.
യുഎസ്എ ജിംനാസ്റ്റിക്‌സിനും യുഎസ് ഒളിമ്പിക് ആൻഡ് പാരാലിമ്പിക് കമ്മിറ്റിക്കും അവരുടെ ഔദ്യോഗിക ഡോക്‌ടർ തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വിവരം അറിയാമായിരുന്നുവെന്ന് ബിൽസ് പറയുന്നു.
നാസർ മറ്റ് ജിംനാസ്റ്റുകളെ ദുരൂപയോഗം ചെയ്യാനുണ്ടായ സംഭവം ഉൾപ്പെടെ അന്വേഷിക്കാനുണ്ടായ കാലതാമസവും എഫ്ബിഐയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകൾ ചൂണ്ടിക്കാണിക്കുന്നതിന്‍റെ ഭാഗമായി നടന്ന വിചാരണയിലായിരുന്നു ബിൽസിന്‍റെ വെളിപ്പെടുത്തൽ.