വാഷിങ്‌ടൺ:അഫ്‌ഗാനിലെ അമേരിക്കക്കാരെയും അഫ്‌ഗാൻ ജനതയെയും ഒഴിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. പ്രസിഡന്‍റിന്‍റെ നിർദേശപ്രകാരം 169 അമേരിക്കക്കാരെ ഒഴിപ്പിക്കുന്നതിനായി യുഎസ് സൈനിക ഹെലികോപ്റ്ററുകൾ കാബൂൾ വിമാനത്താവളത്തിലേക്ക് എത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
താലിബാൻ കാബൂൾ പിടിച്ചടക്കിയതിന് ദിവസങ്ങൾക്ക് ശേഷം എല്ലാ അമേരിക്കക്കാരെയും ഒഴിപ്പിക്കുമെന്ന് ബൈഡൻ ഉറപ്പ് നൽകിയിരുന്നു. രാജ്യം വിടാൻ ആഗ്രഹിക്കുന്ന അഫ്‌ഗാൻ അനുകൂലികളെയെല്ലാം ഒഴിപ്പിക്കുവാനും രാജ്യ വിടുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ നേടാൻ സഹായിക്കുമെന്നും ബൈഡൻ ഉറപ്പ് നൽകി.
അഫ്‌ഗാനിൽ നിന്ന് മുഴുവൻ അമേരിക്കക്കാരെയും ഒഴിപ്പിക്കുന്നത് വരെ യുഎസ് സൈന്യം അവിടെ തുടരുമെന്നും ബൈഡൻ അറിയിച്ചു. അഫ്‌ഗാനിലെ കലുഷിതമായ സ്ഥിതിയിൽ വിമർശനങ്ങൾ നേരിടുന്നതിനിടയിലാണ് ബൈഡന്‍റെ പ്രഖ്യാപനം.
രാജ്യം വിടാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയാണ് നിലവിൽ. ആളുകൾക്ക് വിമാനത്താവളത്തിലേക്ക് എത്തിച്ചേരാൻ സാധിക്കാത്തതിനാൽ ബെൽജിയൻ വിമാനം ശൂന്യമായാണ് രാജ്യത്തേക്ക് തിരിച്ചുപോയതെന്ന് ബെൽജിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Also Read: അഫ്‌ഗാനിൽ 12.2 മില്യൺ ആളുകൾ ഭക്ഷ്യക്ഷാമത്തിലെന്ന് യുഎൻ റിപ്പോർട്ട്
സ്ത്രീകളും കുട്ടികളുമടക്കമുള്ള അഫ്‌ഗാൻ ജനങ്ങളെ യുഎസ് ഹെലികോപ്റ്ററിൽ വിമാനത്താവളത്തിലേക്ക് എത്തിച്ചുവെന്ന് വെള്ളിയാഴ്‌ച സീനിയർ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു. കാബൂളിന് പുറത്തുള്ള നഗരങ്ങളിലും പ്രവിശ്യകളിലും താമസിക്കുന്നവർക്കായി സിഐഎ കേസ് ഓഫിസർമാർ, പ്രത്യേക ഓപ്പറേഷൻ സേനകൾ, ഡിഫൻസ് ഇന്‍റലിജൻസ് ഏജൻസി ഏജന്‍റുമാർ എന്നിവർ മുൻകൂട്ടി നിശ്ചയിച്ച പിക്ക്-അപ്പ് കേന്ദ്രങ്ങളിൽ നിന്നും യുഎസ് പൗരന്മാരെയും അഫ്‌ഗാൻ പൗരന്മാരെയും ശേഖരിച്ചുവരികയാണ്.