വാഷിങ്‌ടൺ:അമേരിക്കൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും യുണൈറ്റഡ് സ്റ്റേറ്റ്സ് കാപിറ്റോൾ മന്ദിരത്തിന് പുറത്ത് സത്യപ്രതിജ്ഞ ചെയ്യും. കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടത്തുക. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ബൈഡന്‍റെ ഔദ്യോഗിക പ്രസ്‌താവനയിലാണ് ജനുവരി 20ന് നടക്കുന്ന ഉദ്‌ഘാടന ചടങ്ങിനെ സംബന്ധിച്ച വിവരങ്ങൾ പ്രതിപാദിക്കുന്നത്.
കൊവിഡിൽ സുരക്ഷക്ക് ഊന്നൽ നൽകി, ചെറിയ ചടങ്ങായി ജോ ബൈഡന്‍റെ സത്യപ്രതിജ്ഞ - വോട്ടെണ്ണലിൽ ക്രമക്കേട് വാർത്ത
ജനുവരി 20ന് നടക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ ട്രംപ് ഭാഗമാകുമോ എന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.
എന്നാൽ, ആദ്യം തോൽവി സമ്മതിക്കാതിരുന്ന ഡൊണാൾഡ് ട്രംപ് പരിപാടിയിൽ പങ്കെടുക്കുമോ എന്നത് സംബന്ധിച്ച് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല. ട്രംപ് ജനുവരിയിലെ ഉദ്‌ഘാടന ചടങ്ങ് ഒഴിവാക്കുമെന്ന് വാർത്തകളുണ്ടെങ്കിലും മുൻ പ്രസിഡന്‍റെന്ന നിലയിൽ അദ്ദേഹത്തിന് പങ്കെടുക്കേണ്ടി വരുമെന്നും സൂചനകളുണ്ട്. പകർച്ചവ്യാധിയുടെ സാഹചര്യം കണക്കിലെടുത്ത് അനുയായികൾ തലസ്ഥാന നഗരിയിൽ എത്തരുതെന്നും ബൈഡൻ അറിയിച്ചിട്ടുണ്ട്.
അടുത്ത മാസം നടക്കുന്ന ചടങ്ങിൽ, സത്യപ്രതിജ്ഞക്ക് ശേഷമുള്ള പ്രസംഗത്തിൽ കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തെ കുറിച്ചായിരിക്കും ജോ ബൈഡൻ വ്യക്തമാക്കുന്നത്. കൊവിഡ് പ്രതിരോധത്തിനുള്ള ദൗത്യസേനയെ നയിക്കുന്ന, മുൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മിഷണർ കൂടിയായ ഡേവിഡ് കെസ്ലറാണ് ഉദ്ഘാടനത്തിന്‍റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ്.