ന്യൂയോർക്: റഷ്യ- ഉക്രൈൻ പ്രതിസന്ധി തുടരുന്നതിനിടെ യൂറോപ്പിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ ഒരുക്കി അമേരിക്ക. പോളണ്ട്, ജർമനി എന്നിവിടങ്ങളിലേക്കാണ് 2,000 സൈനികരെക്കൂടി അയയ്ക്കാൻ അമേരിക്ക തീരുമാനിച്ചത്. ജർമനിയിലുള്ള 1,000 സൈനികരെ റൊമേനിയയിലേക്കും അയയ്ക്കും.
നാറ്റോ സഖ്യത്തെ ബാധിക്കുന്ന ഏതുകാര്യവും യുഎസിനെയും ബാധിക്കുന്നതാണെന്ന നിലപാടിലാണ് പെന്‍റഗൺ. നാറ്റോയോട് യുഎസിന് പ്രതിബദ്ധത ഉണ്ട്. യുഎസ് സൈനികരെ വിന്യസിച്ചിരിക്കുന്നത് ഏറ്റുമുട്ടുലിനല്ല സഖ്യകക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനാണെന്നും പെന്‍റഗൺ വ്യക്തമാക്കുന്നു.
റഷ്യ അധിനിവേശം നടത്തിയാൽ അമേരിക്കൻ സേനയെ ഉക്രൈനിൽ അയക്കില്ലന്നും പെന്‍റഗൺ അറിയിച്ചു. എന്നാൽ അവർക്ക് ആയുധങ്ങള്‍ നൽകും. പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരം കാണാനാണ് യുഎസ് ശ്രമിക്കുന്നതെന്നും പെന്‍റഗൺ വ്യക്തമാക്കി.
നാറ്റോയ്ക്ക് കീഴിൽ റൊമാനിയയിൽ സൈനികരെ ശക്തിപ്പെടുത്തുമെന്ന് ഫ്രാൻസും അറിയിച്ചിട്ടുണ്ടെന്ന് പെന്‍റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. നിരവധി യൂറോപ്യൻ രാജ്യങ്ങൾ നാറ്റോയുടെ കിഴക്കൻ ഭാഗത്ത് സേനയെ വിന്യസിക്കുന്നതും പരിഗണനയിലാണ്. സഖ്യകക്ഷികള്‍ക്ക് മേലുള്ള ആക്രമണങ്ങള്‍ ചെറുക്കാനും പ്രതിരോധം വർധിപ്പിക്കാനുമാണ് പുതിയ നീക്കമെന്നും പെന്‍റഗൺ പറയുന്നു.