വാഷിങ്ടണ്‍: അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കയുടെ സൈനിക പിന്മാറ്റത്തിന്‍റെ തീയതി നീട്ടുമോയെന്ന് ഇന്നറിയാം. പ്രസിഡന്‍റ് ജോ ബൈഡന്‍ ഉടന്‍ നിര്‍ണായക തീരുമാനമെടുക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്മാറ്റം ദീര്‍ഘിപ്പിക്കണമോ എന്നത് സംബന്ധിച്ച് സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയാണെന്നും നീട്ടേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സൈനിക പിന്മാറ്റം നീട്ടുമോ?
അഫ്‌ഗാനിലെ രക്ഷാദൗത്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജി-7 രാജ്യങ്ങളുടെ വിര്‍ച്ച്വല്‍ യോഗം ഇന്ന് ചേരുന്നുണ്ട്. യോഗത്തില്‍ ബൈഡന്‍ ഇത് സംബന്ധിച്ച് സൂചന നല്‍കിയേക്കും. അഫ്‌ഗാനിസ്ഥാനിലേത് ചരിത്രത്തിലെ തന്നെ ഏറ്റവും ദുഷ്ക്കരമേറിയ രക്ഷാദൗത്യമെന്ന് കഴിഞ്ഞ ദിവസം ബൈഡന്‍ പറഞ്ഞിരുന്നു.
ഓഗസ്റ്റ് 31നാണ് അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കന്‍ സൈന്യത്തിന്‍റെ പിന്മാറ്റം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഒഴിപ്പിക്കേണ്ട ആളുകളെ എണ്ണമെടുക്കുമ്പോള്‍ ഇത് സാധ്യമല്ലെന്ന് യുഎസ് ഹൗസ് ഇന്‍റലിജന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആദം ഷിഫ് പറയുന്നു. അതേസമയം, അമേരിക്കയോ യുകെയോ ഒഴിപ്പിക്കലിന്‍റെ സമയപരിധി നീട്ടുകയാണെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.