വാഷിങ്‌ടൺ :അയവില്ലാതെ തുടരുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഇസ്രയേൽ-പലസ്‌തീൻ സംഘർഷം രൂക്ഷമായി നിലനിൽക്കെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ബുധനാഴ്‌ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച് പിന്തുണ അറിയിക്കുകയായിരുന്നു. ജറുസലേമിനും ടെൽ അവീവിനുമെതിരെ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തെ ബൈഡന്‍ അപലപിച്ചു. രാജ്യസുരക്ഷയ്‌ക്കും പൗരന്മാരുടെ സംരക്ഷണത്തിനുമായുള്ള ഇസ്രയേലിന്‍റെ നിയമാനുസൃതമായ അവകാശത്തിന് അചഞ്ചലമായ പിന്തുണ അറിയിക്കുന്നുവെന്നായിരുന്നു ബൈഡന്‍റെ സന്ദേശം. ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പുണ്യസ്ഥലമായ ജറുസലേമില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും ബൈഡന്‍ പറഞ്ഞു.
കൂടുതല്‍ വായനയ്ക്ക് :വീണ്ടും വിലാപഭൂമിയായി പലസ്തീന്‍ ഇസ്രയേല്‍ മേഖലകള്‍ ; മരണസംഖ്യയേറുന്നു
ഈജിപ്‌ത്, ജോർദാൻ, ഖത്തർ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായും പലസ്‌തീൻ ഉദ്യോഗസ്ഥരുമായും അമേരിക്ക നടത്തിയ നയതന്ത്ര ഇടപെടലിനെക്കുറിച്ചും ബൈഡൻ ആശയവിനിമയത്തില്‍ പരാമര്‍ശിച്ചു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ, പ്രതിരോധ മന്ത്രിമാർ, പ്രതിരോധ മേധാവികൾ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കൾ എന്നിവരുടെ സ്ഥിരമായ ഇടപെടൽ ഉറപ്പുവരുത്തി മുന്നോട്ട് പോകാൻ ഇരു നേതാക്കളും ധാരണയിലെത്തി. കഴിഞ്ഞ ദിവസം നെതന്യാഹുവുമായി സംസാരിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംഘർഷങ്ങൾ അവസാനിപ്പിക്കാന്‍ ആഹ്വാനവും നടത്തി.