വാഷിങ്‌ടണ്‍:അധികാരമേറ്റെടുത്തതിന് പിന്നാലെ ട്രംപിന്‍റെ തീരുമാനങ്ങള്‍ പുനപരിശോധിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ജര്‍മനിയില്‍ നിന്ന് അമേരിക്കൻ സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമാണ് ബൈഡൻ പുനപരിശോധിക്കുന്നത്.
ട്രംപിന്‍റെ ഉത്തരവുകള്‍ പുനപരിശോധിക്കാനൊരുങ്ങി ബൈഡൻ - ജോ ബൈഡൻ
ജര്‍മനിയില്‍ നിന്ന് അമേരിക്കൻ സൈനികരെ പിൻവലിക്കുന്നത് പുനപരിശോധിക്കും.
മേഖലയിലെ സാഹചര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്. ഓരോ ദിവസവും പുതിയ സംഭവങ്ങള്‍ ഉടലെടുത്തുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ജര്‍മനിയില്‍ നിന്ന് സൈനികരെ പിൻവലിക്കുന്നത് ഏറെ ആലോചിച്ച് ചെയ്യേണ്ട കാര്യമാണെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലിയോഡ് ഓസ്റ്റിൻ പറഞ്ഞു. ജര്‍മനിയിലെ അമേരിക്കൻ സൈനികരുടെ എണ്ണം 12,000 ആയി കുറയ്‌ക്കുമെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
നാറ്റോയുടെ തീരുമാന പ്രകാരം അംഗരാജ്യങ്ങള്‍ ആകെ ബജറ്റിന്‍റെ രണ്ട് ശതമാനം പ്രതിരോധത്തിനായി മാറ്റിവയ്‌ക്കണമെന്ന് ധാരണയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ ജര്‍മനി അത് പാലിച്ചിരുന്നില്ല. പിന്നാലെയാണ് സൈന്യത്തെ പിൻവലിക്കാൻ ട്രംപ് തീരുമാനിച്ചതെന്ന് വിമര്‍ശനമുണ്ടായിരുന്നു.