ന്യൂയോർക്ക്: ന്യൂയോർക്കിലെ നഴ്‌സിങ് ഹോമുകളിലും മുതിർന്നവർക്കുള്ള പരിചരണ കേന്ദ്രങ്ങളിലും മാത്രമായി ഏകദേശം 1,700ലധികം മരണങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. ഇതിൽ മാർച്ച് ഒന്നിന് ശേഷം സംസ്ഥാനത്തെ ആകെയുള്ള 613 നഴ്‌സിങ് ഹോമുകളിൽ 351എണ്ണത്തിൽ 4,813 രോഗികൾ മരിച്ചതായും ഭരണകൂടം പുറത്തിറക്കിയ പട്ടികയിൽ വിശദീകരിക്കുന്നു. സംസ്ഥാനത്തെ മൊത്തം കൊവിഡ് മരണസംഖ്യയിൽ കാൽഭാഗത്തിൽ അധികവും ഇത്തരത്തിൽ നഴ്‌സിങ് ഹോമുകളിൽ ചികിത്സയിലുള്ളവരാണ്. എന്നാൽ, ഇതിനെ സംബന്ധിച്ച് വ്യക്തമായ കണക്കുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. ന്യൂയോർക്ക് നഗരത്തിലും ലോങ് ഐലൻഡിലുമുള്ള 22 നഴ്‌സിങ് ഹോമുകളിൽ കുറഞ്ഞത് 40 മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മറ്റ് 64 നഴ്‌സിങ് ഹോമുകളിലായി 20 മുതൽ 49 വരെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ന്യൂയോർക്കിലെ നഴ്‌സിങ് ഹോമുകളിൽ റിപ്പോര്‍ട്ട് ചെയ്തത് 1,700ലധികം മരണങ്ങൾ - ന്യൂയോർക്ക്
മാർച്ച് ഒന്നിന് ശേഷം സംസ്ഥാനത്തെ ആകെയുള്ള 613 നഴ്‌സിങ് ഹോമുകളിൽ 351എണ്ണത്തിൽ 4,813 രോഗികൾ മരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു
ക്വീൻസിലെ പാർക്കർ ജൂത ഇൻസ്റ്റിറ്റ്യൂട്ടിൽ 71 പേരും 705 രോഗികളെ കിടത്തി ചികിത്സ ചെയ്യാൻ സൗകര്യമുള്ള ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും വലിയ നഴ്സിങ്ങ് ഹോമുകളിലൊന്നായ ഇസബെല്ല ജെറിയാട്രിക് സെന്‍ററിൽ 64 പേരുമാണ് മരിച്ചത്. ഇസബെല്ല ജെറിയാട്രിക് സെന്‍ററിലെ രോഗബാധിതരെയും ലക്ഷണമില്ലാത്തവരെയും തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ കഴിയാതെ പോയതും അവരെ മാറ്റിപാർപ്പിക്കാൻ സാധിക്കാത്തതുമാണ് വൈറസ് മരണങ്ങൾ ഇത്രയും വർധിക്കാൻ കാരണമായത്. ലോങ് ഐലൻഡിൽ നഴ്സിങ്ങ് ഹോമുകളിൽ 53 പേർ മരിച്ചു. ഇതിൽ കൊവിഡ് സ്ഥിരീകരിച്ച 48 പേരും സ്ഥിരീകരിക്കാത്ത അഞ്ച് രോഗികളും ഉൾപ്പെടുന്നുണ്ട്. ക്വീൻസിലെ സെന്‍റ് ആൽബൻസിലാകട്ടെ 33 പേർക്കാണ് ജീവൻ നഷ്‌ടമായത്. വെസ്റ്റ്‌ചെസ്റ്ററിലെ മോൺട്രോസിലെ സർക്കാർ നഴ്‌സ് ഹോമുകളിലും 22 ആളുകൾ രോഗത്തിന് കീഴടങ്ങി.
മാർച്ച് രണ്ടിന് ന്യൂയോർക്കിൽ വിരലിലെണ്ണാവുന്ന വൈറസ് കേസുകൾ മാത്രമാണ് ഉണ്ടായതെന്ന് ഗവർണർ ആൻഡ്രൂ ക്യൂമോ പറഞ്ഞു. നഴ്സിങ്ങ് ഹോമുകളിലേക്കുള്ള സന്ദർശകരുടെ പ്രവേശനം പരിമിതിപ്പെടുത്തിയും സന്ദർശകരെ പരിശോധിച്ചും മാത്രമാണ് കടത്തിവിട്ടത്. മാർച്ച് 12 ആയപ്പോഴേക്കും സംസ്ഥാനത്തുടനീളമുള്ള നഴ്‌സിങ്ങ് ഹോമുകളിലേക്കുള്ള സന്ദർശനങ്ങൾ താൽക്കാലികമായാണെങ്കിലും പൂർണമായി നിർത്തിവച്ചതാണ്. എങ്കിലും, കൊവിഡ് ചികിത്സയിൽ നിർണായക പങ്ക് വഹിക്കുന്ന ഈ നഴ്‌സിങ്ങ് ഹോമുകളിലേക്ക് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതിരുന്നതിനും സുരക്ഷാ ഉപകരണ കിറ്റുകൾ നൽകാത്തതിലും ഗവർണർ ഏറെ വിമർശനം നേരിടേണ്ടിയും വന്നു. അതുപോലെ ഇത്തരം നഴ്‌സിങ്ങ് ഹോമുകളിൽ ചികിത്സയിലുള്ളവരുടെ വിവരങ്ങൾ സുതാര്യമാക്കുന്നതിലും മുതിർന്ന പൗരന്മാർ ഉൾപ്പടെയുള്ള രോഗികളുടെ ബന്ധുക്കൾ രംഗത്ത് വന്നിരുന്നു.