വാഷിങ്‌ടൺ: ചൈനീസ് സ്ഥാപനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അമേരിക്ക. സൈനിക സാങ്കേതിക വിദ്യ പിന്തുടരുന്ന വിഭാഗത്തിനും, ചൈനയിലെ മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളെ അടിച്ചമർത്തിയ ബെയ്‌ജിങിനെ സഹായിക്കുന്ന മറ്റൊരു വിഭാഗത്തിനുമാണ് നിയന്ത്രണം. പടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ് ഉയിഗർ സ്വയംഭരണ പ്രദേശത്ത് നടന്ന മനുഷ്യാവകാശ ലംഘനത്തിന്‍റെ അടിസ്ഥാനത്തിൽ ഒമ്പത് സ്ഥാപനങ്ങളും, ഉയർന്ന സാങ്കേതിക നിരീക്ഷണത്തിന് ബെയ്‌ജിങിനെ സഹായിക്കുന്ന ഏഴ് കമ്പനികളുമാണ് നിയന്ത്രണ പട്ടികയിൽ ഉള്ളതെന്ന് വാണിജ്യ വകുപ്പ് അറിയിച്ചു.
ചൈനീസ് സ്ഥാപനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അമേരിക്ക - സിൻജിയാങ് ഉയിഗർ
ദേശീയ സുരക്ഷാ ഭീഷണികളുയർത്തുമെന്ന് കരുതുന്ന അല്ലെങ്കിൽ അമേരിക്കയുടെ വിദേശനയത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന 33 ചൈനീസ് സ്ഥാപനങ്ങളെ അമേരിക്ക കരിമ്പട്ടികയിൽ പെടുത്തി.
ചൈന, ഹോങ്കോംഗ്, കേമാൻ ദ്വീപുകൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന 24 ചൈനീസ് വാണിജ്യ, സർക്കാർ സ്ഥാപനങ്ങളെ വകുപ്പ് ലക്ഷ്യമാക്കിയിരുന്നു. ദേശീയ-സുരക്ഷാ ഭീഷണികളുയർത്തുമെന്ന് കരുതുന്ന അല്ലെങ്കിൽ അമേരിക്കയുടെ വിദേശനയത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന 33 സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ പെടുത്തി. അവരുമായി വ്യാപാരം തുടരുന്ന അമേരിക്കൻ കമ്പനികൾക്ക് കനത്ത പിഴയോ ജയിൽ ശിക്ഷയോ നേരിടേണ്ടിവരുമെന്ന് വകുപ്പ് കൂട്ടിച്ചേർത്തു.
സൈനിക സാങ്കേതികവിദ്യ നേടാൻ ശ്രമിച്ചവരിൽ ബെയ്‌ജിങ് കംപ്യൂട്ടേഷണൽ സയൻസ് റിസർച്ച് സെന്‍റർ, ക്വിഹു 360 ടെക്നോളജി കമ്പനി എന്നിവ ഉൾപ്പെടുന്നു. ജനുവരിയിലെ വ്യാപാര ഇടപാടിന്‍റെ ആദ്യ ഘട്ടത്തിലെത്തിയിട്ടും ട്രംപ് ഭരണകൂടം ചൈനീസ് നേതൃത്വത്തിന്മേൽ സമ്മർദം ചെലുത്തുന്നത് തുടരുകയാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ യുഎസ് ചരക്കുകളും, സേവനങ്ങളും വാങ്ങാൻ 200 ബില്യൺ യുഎസ് ഡോളർ വർധിപ്പിക്കണമെന്നാണ് കരാർ. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള നിരന്തരമായ പിരിമുറുക്കം മൂലമോ അല്ലെങ്കിൽ കൊവിഡ് പ്രതിസന്ധി കാരണമോ ആണ് ഈ കരാർ നടപ്പിലാകാത്തതെന്ന് വൈറ്റ് ഹൗസ് ദേശീയ സാമ്പത്തിക കൗൺസിൽ മേധാവി ലാറി കുഡ്‌ലോ പറഞ്ഞു.